ദോഹ: രാജ്യത്ത് അനുമതിയില്ലാതെ സിനിമാ പ്രദർശിപ്പിക്കുന്നതും നിരക്ക് കൂട്ടുന്നതും കുറ്റകരമാക്കികൊണ്ട് മന്ത്രിസഭാ തീരുമാനം. പ്രധാനമന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. അനുമതി ഇല്ലാതെ സിനിമ പ്രദർശിപ്പിക്കരുതെന്നും പ്രദർശനസമയവും നിരക്കും കൂട്ടരുതെന്നുമുള്ള കരടുനിയമത്തിനാണ് മന്ത്രിസഭായോഗം അംഗീകാരം നല്കിയത്..

സിനിമ പ്രദർശിപ്പിക്കുന്നതിനുള്ള ലൈസൻസ് നേടുന്നതിന് പ്രത്യേക നിബന്ധനകളാണ് പുതിയ നിയമം അനുശാസിക്കുന്നത്. സംസ്‌കാരം, കല, പാരമ്പര്യം എന്നിവയ്ക്കായുള്ള മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസ് ആൻഡ് പബ്ലിക്കേഷൻസ് വകുപ്പിന്റെ അനുമതിയില്ലാതെ സിനിമകൾ ഇറക്കുമതി ചെയ്യരുതെന്ന് നിയമത്തിൽ പറയുന്നു. കലാപരമായ സൃഷ്ടികളോ സിനിമയ്ക്ക് വേണ്ട ഉപകരണങ്ങളോ ഇറക്കുമതി ചെയ്യുന്നതിനും മുൻകൂർ അനുമതി വാങ്ങണമെന്നും നിയമം അനുശാസിക്കുന്നു.

സിനിമയോ കലാപരമായ സൃഷ്ടികളോ വകുപ്പിന്റെ മുൻകൂർ അനുമതിയില്ലാതെ പ്രദർശിപ്പിക്കരുതെന്നും നിയമത്തിലുണ്ട്.