അടിസ്ഥാന രഹിതമായ ആരോപണങ്ങളെ തുടർന്ന് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ രാജ്യങ്ങൾ ഖത്തറുമായി ബന്ധം അവസാനിപ്പിച്ചതിൽ നിരാശയുണ്ടെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഈ രാജ്യങ്ങളുടെ പുതിയ തീരുമാനം ഖത്തറിലെ പൗരന്മാരുടേയും പ്രവാസികളുടേയും സാധാരണ ജീവിതത്തെ ബാധിക്കില്ലെന്നും ഖത്തറി സമൂഹത്തേയും സമ്പദ് വ്യവസ്ഥയെയും ഹനിക്കുന്ന ശ്രമങ്ങൾക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

ഗൾഫ് സഹകരണ കൗൺസിലിലെ (ജി.സി.സി.) സജീവ അംഗമാണ് ഖത്തറെന്നും മറ്റ് രാജ്യങ്ങളുടെ പരമാധികാരത്തെ ബഹുമാനിക്കുന്നുവെന്നും ഖത്തർ പ്രസ്താവനയിൽ പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഖത്തർ ഇടപെട്ടിട്ടില്ലെന്നും തീവ്രവാദത്തിനും ഭീകരവാദത്തിനും എതിരെയുള്ള പോരാട്ടത്തിൽ തങ്ങളുടെ ചുമതല വഹിക്കുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.

മേഖലയിലേയും ഗൾഫ് രാജ്യങ്ങളിലേയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിൽ മാധ്യമ പ്രചരണങ്ങൾ പരാജയപ്പെട്ടുവെന്നത് വ്യക്തമാണ്. ജി.സി.സി അംഗ രാജ്യമായ ഖത്തറിനെതിരെ ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത് രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും വിദേശ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.

ഭീകര സംഘടനകളെ സഹായിക്കുന്നുണ്ടെന്ന് ആരോപണത്തെ തുടർന്നാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും നിർത്തലാക്കിയത്.