ദോഹ: ഖത്തറിൽ ആരോഗ്യ മേഖലയിൽ തൊഴിലെടുക്കാനായി പുതുതായി എത്തിച്ചേരുന്നവർക്ക് താത്കാലിക ലൈസൻസ് അനുവദിക്കാൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് തീരുമാനിച്ചു. ലൈസൻസ് ലഭിക്കാനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കിയവർക്കാണ് താത്കാലിക ലൈസൻസ് നൽകുക. നേരത്തെ നഴ്‌സുമാർക്ക് മാത്രമാണ് ഇങ്ങനെ താത്കാലിക ലൈസൻസ് നൽകിയിരുന്നത്. ആരോഗ്യ മേഖലയിലെ മുഴുവൻ ജീവനക്കാർക്കും ഈ സൗകര്യം ലഭ്യമാക്കുന്നതിലൂടെ ആശുപത്രികളുടെ പ്രവർത്തനം സുഗമമാക്കാനാണ് കൗൺസിൽ ആലോചിക്കുന്നത്.

നഴ്‌സുമാർക്ക് ഇത്തരത്തിൽ ലൈസൻസ് നൽകാൻ എസ്.സി.എച്ച്. കഴിഞ്ഞ നവംബറിൽ തീരുമാനിച്ചിരുന്നു. ഇത് ഇപ്പോൾ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ വിഭാഗങ്ങൾക്കും ബാധകമാക്കിയിരിക്കുകയാണ്. ലൈസൻസ് നൽകുന്ന നടപടിയിൽ വരുന്ന കാലതാമസം ഹോസ്പിറ്റലുകളെയും മറ്റ് ആരോഗ്യ കേന്ദ്രങ്ങളെയും കാര്യമായി ബാധിച്ചിരുന്നു. ഇത് ഒഴിവാക്കുന്നതിനാണ് പുതിയ തീരുമാനം.

താൽക്കാലിക ലൈസൻസിന് ആറ് മാസമാണ് കാലാവധി. ഇതു പുതുക്കാനും സാധ്യമല്ല. യോഗ്യതാ പരീക്ഷ ഉൾപ്പെടെയുള്ള പ്രാഥമിക പ്രക്രിയകൾ പൂർത്തിയാക്കിയ ശേഷമാണ് ഈ ലൈസൻസ് നൽകുക. ലൈസൻസ് ലഭിക്കുന്നതിനുള്ള മറ്റ് ഉപാധികൾ ആറ് മാസത്തിനകം പൂർത്തിയാക്കിയില്ലെങ്കിൽ താൽക്കാലിക ലൈസൻസ് റദ്ദാവും. ഈ സാഹചര്യത്തിൽ വീണ്ടും ലൈസൻസിന് വേണ്ടി അപേക്ഷ നൽകേണ്ടി വരും.