ദോഹ: ഖത്തറിൽ ഗാർഹിക തൊഴിലാളികൾക്കും തൊഴിൽ കരാർ നിർബന്ധമാക്കുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്കി.. കരാറിന്റെയും നിശ്ചയിക്കപ്പെട്ട മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിൽ സ്പോൺസർക്കു വേണ്ടിയോ സ്പോൺസർ ഉൾപ്പെട്ട കുടുംബത്തിലോ ജോലി ചെയ്യുന്നവരെയാണ് ഗാർഹിക തൊഴിൽ സഹായികളായി നിയമത്തിൽ പറയുന്നത്.

പുതിയ നിയമത്തോടെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടാതിരുന്ന വീട്ടു ഡ്രൈവർമാർ, ആയമാർ, പാചകക്കാർ, പൂന്തോട്ടജോലിക്കാർ തുടങ്ങിയവർക്കു തൊഴിൽ വ്യവസ്ഥകളും അവകാശങ്ങളും നിർബന്ധമാക്കും.സ്പോൺസറുടെ മേൽനോട്ടത്തിൽ വേതനാടിസ്ഥാനത്തിലും തൊഴിൽ കരാർ പ്രകാരവുമാകണം ഇവർ ജോലി ചെയ്യേണ്ടതെന്നും നിഷ്‌കർഷിക്കുന്നു.
ത്.

ഗാർഹിക തൊഴിലാളികളുടെ തൊഴിൽ സമയം, ആഴ്ചയിലെ അവധി, വാർഷികാവധി തുടങ്ങിയ കരാറിൽ വ്യക്തമാക്കണം. ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന മാൻപവർ ഏജൻസികളെ നിയന്ത്രിക്കാനും കരടു നിയമത്തിൽ വ്യവസ്ഥകളുണ്ട്.

ഗാർഹിക തൊഴിലാളികളെ ഇതുവരെ തൊഴിൽ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവന്നിരുന്നില്ല. ഇതിനാൽ മറ്റു തൊഴിലാളികൾക്കുള്ള അവകാശങ്ങളും നിയമങ്ങളും ഇവർക്കു ബാധകമായിരുന്നില്ല. പുതിയ നിയമത്തോടെ ഇതിനു പരിഹാരമാകും.