ദോഹ: ഇന്ധന വില വർധിപ്പിക്കില്ലെന്നും സബ്‌സിഡികൾ വെട്ടിക്കുറയ്ക്കില്ലെന്നുമുള്ള വാഗ്ദാനങ്ങൾക്കു വിപരീതമായി പെട്രോൾ വില വർധിപ്പിച്ചുകൊണ്ട് പുതിയ ഉത്തരവിറങ്ങി. എണ്ണവില കുറഞ്ഞതിനെ തുടർന്ന് ജിസിസി രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോഴും ഇന്ധനവില വർധിപ്പിക്കാതെ പിടിച്ചു നിന്നത് ഖത്തർ മാത്രമായിരുന്നു.

ഇന്നലെ അർധരാത്രി മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിക്കൊണ്ട് ഖത്തർ ഫ്യൂവൽ (വോക്വോദ്) പെട്രോൾ സ്‌റ്റേഷനിൽ നോട്ടീസ് പ്രത്യക്ഷപ്പെടുകയായിരുന്നു. മുപ്പതു ശതമാനത്തിലേറെ വില വർധനയാണ് നിലവിൽ വരുത്തിയിരിക്കുന്നത്. പുതിയ നിരക്ക് അനുസരിച്ച് ഗ്യാസോലൈൻ സൂപ്പറിന് ലിറ്ററിന് 30 ശതമാനം വർധിച്ച് 1.30 റിയാലും പ്രീമിയത്തിന് 35 ശതമാനം വർധിച്ച് 1.15 റിയാലും ഗോൾഡിന് 1.25 റിയാലുമായി.

എല്ലാ കമേഴ്‌സ്യൽ പെട്രോൾ സ്‌റ്റേഷനുകളും പുതിയ നിരക്ക് ബാധകമാക്കണമെന്നും ഇതുസംബന്ധിച്ച നോട്ടീസ് പെട്രോൾ സ്‌റ്റേഷനുകളിൽ പതിപ്പിക്കണമെന്നും വോക്വോദ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ടാഴ്ചക്കുള്ളിൽ പെട്രോൾ വില വർധിപ്പിക്കുന്ന നാലാമത്തെ രാജ്യമാണ് ഖത്തർ. സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ യുഎഇയും സൗദി അറേബ്യയും സബ്‌സിഡികൾ വെട്ടിക്കുറച്ചതിനു പിന്നാലെ  ഒമാനും ബഹ്‌റിനും ഇതേ പാത സ്വീകരിച്ചിരുന്നു.

എന്നാൽ പ്രതിസന്ധി നേരിടാൻ ആറു ബാങ്കുകളിൽ നിന്നായ് 550 കോടി ഡോളർ വായ്പയെടുക്കുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. വില വർധനയോ സബ്‌സിഡി വെട്ടിച്ചുരുക്കലോ ചെയ്യാനുള്ള തീരുമാനം ഖത്തർ സ്വീകരിക്കില്ലെന്ന് അറബ് പെട്രോളിയം ഇൻവെസ്റ്റ്‌മെന്റ് കോർപറേഷൻ കഴിഞ്ഞ ദിവസങ്ങളിലാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ അപ്രതീക്ഷിതമായി ഇന്ധന വിലയിൽ വരുത്തിയിരിക്കുന്ന വർധന ഉപയോക്താക്കളെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചിരിക്കുന്നത്.