തിവ് പോലെ പുതിയ അധ്യയന വർഷത്തിലേക്കുള്ള ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രവേശനം ഇത്തവണയും കീറാമുട്ടിയാകും. ആവശ്യത്തിനു സീറ്റ് ഇല്ലാത്തതാണ് ഇത്തവണയും പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഇതോടെ കിന്റർഗാർട്ടൻ ഒന്നിലേക്കുള്ള പ്രവേശനം ഉൾപ്പെടെ രക്ഷിതാക്കൾ വലയുകയാണെന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ വർഷത്തെക്കാൾ ഇത്തവണ സ്ഥിതി ഗുരുതരമാണെന്നാണു വിവിധ ഇന്ത്യൻ സ്‌കൂളുകളിൽനിന്നു ലഭിക്കുന്ന സൂചന. ഐഡിയൽ ഇന്ത്യൻ സ്‌കൂളിൽ ഇന്നലെ പ്രവേശന ഫോം വിതരണം ചെയ്തു തുടങ്ങിയപ്പോൾ നൂറു കണക്കിനു രക്ഷിതാക്കളാണ് ആദ്യദിവസം എത്തിയത്. രാവിലെ മുതൽ സ്‌കൂളിൽ ഫോം വാങ്ങാനായി നീണ്ട നിരയായിയിരുന്നു. കെജി വിഭാഗത്തിലായിരുന്നു കൂടുതൽ അപേക്ഷകരെത്തിയത്. നിലവിലുള്ള വിദ്യാർത്ഥികളുടെ എണ്ണം കുറയ്ക്കാൻ സുപ്രീം എജ്യുക്കേഷൻ കൗൺസിൽ നിർദേശമുള്ളതിനാൽ ഖത്തറിലെ ഏറ്റവും വലിയ ഇന്ത്യൻ സ്‌കൂളായ എംഇഎസിന് ഈവർഷവും പുതിയ പ്രവേശനം നൽകാനാകില്ല. ബിർള പബ്ലിക് സ്‌കൂളിൽ പ്രവേശനനടപടികൾ ആരംഭിച്ചു. നിലവിലുള്ള കുട്ടികളുടെ സഹോദരങ്ങൾക്കാണു മുൻഗണന. ബിർള പബ്ലിക് സ്‌കൂളിൽ കെജി വിഭാഗത്തിൽ നാനൂറു സീറ്റാണുള്ളത്.

എംഇഎസ് ഉൾപ്പെടെയുള്ള ചില ഇന്ത്യൻ സ്‌കൂളുകളിൽ പുതിയ പ്രവേശനം ഈവർഷവും നടക്കില്ലെന്നാണ് സൂചന.ഭവൻസ് സ്‌കൂളിലും പുതിയ പ്രവേശനം ആരംഭിച്ചിട്ടില്ല.ശാന്തിനികേതൻ സ്‌കൂളിൽ പ്രവേശനനടപടി ഓൺലൈനായി തുടങ്ങി. കുറഞ്ഞ ഫീസ്‌നിരക്കുള്ള സ്‌കൂളുകളിലാണ് പ്രവേശനത്തിനു ബുദ്ധിമുട്ട്. ഉയർന്ന ജീവിതച്ചെലവിനിടെ ഉയർന്ന ഫീസ് കൂടി നൽകാൻ ശേഷിയില്ലാത്തവരാണ് ഏറെയുമുള്ള പ്രവാസികൾ. എന്തായാലും ഇത്തവണയും രക്ഷിതാക്കൾക്ക് കുട്ടികളുടെ പ്രവേശനവുമായി നെട്ടോട്ടമോടാനാണ് വിധി.