ദോഹ: ഖത്തറിൽ ചൂട് കനത്തതോടെ മദ്ധ്യാഹ്ന വിശ്രമവും തൊഴിലാളികൾക്ക് അനുവദിച്ച് കൊടുത്തിരിക്കുകയാണ്. എന്നാൽ ഈ നിയമം കാറ്റിൽ പറത്തി പുറം ജോലിയെടുക്കുന്നവർ നിരവധിയാമെന്നാണ് റിപ്പോർട്ട്.

മദ്ധ്യാഹ്നത്തിലെ തുറസ്സായ സ്ഥലത്തുള്ള തൊഴിൽ നിരോധനം ലംഘിച്ചതിന്റെ പേരിൽ ഖത്തറിൽ 42ഓളം കമ്പനികൾ താൽക്കാലികമായി അടച്ചതായാണ് റിപ്പോർട്ട്. ലേബർ ആൻഡ് സോഷ്യൽ അഫയേഴ്‌സ് മന്ത്രാലയം നടത്തിയ തിരച്ചിലിലാണ് നടപടി. ജൂൺ 15 മുതൽ 475ഓളം സൈറ്റുകളിൽ നടത്തിയ പരിശോധനയിലാണ് 42 സ്ഥാപനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയത്.

ഖത്തറിലെ വേനൽക്കാലത്ത് താപനില വളരെ കൂടുതലായിരിക്കും. ഇത്തവണ ഇത് 40ഡിഗ്രിയും കടന്നിട്ടുണ്ട്. രാവിലെ 11.30 മുതൽ വൈകിട്ട് 3 മണിവരെയാണ് തുറസ്സായ സ്ഥലങ്ങളിലെ ജോലികൾക്ക് ഖത്തറിൽ നിരോധനം. ജൂൺ 15 മുതൽ ഓഗസ്റ്റ് 31 വരെയാണ് നിരോധനം പ്രഖ്യാപിച്ചിരിക്കുന്നത്.

നിയമം അനുസരിച്ച് എംപ്ലോയർമാർ തങ്ങളുടെ തൊഴിലാളികളുടെ ദിവസ തൊഴിൽ സമയം പ്രത്യേകം നോട്ടീസിൽ രേഖപ്പെടുത്തണം. തൊഴിൽ നിരോധന നിയമം ലംഘിക്കുന്ന എംപ്ലോയർമാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ മന്ത്രാലയം വ്യക്തമാക്കിയരുന്നതാണ്. തൊഴിലാളികളുടെ സുരക്ഷയ്ക്കായിട്ടാണ് ഈ നിയമം. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുന്ന പൊതുജനങ്ങൾക്ക് 44241101 എന്ന നമ്പറിൽ ബന്ധപ്പെടാനാകും.