ദോഹ: എല്ലാ തരത്തിലുമുള്ള ഗതാഗത നിയമ ലംഘനങ്ങൾ കണെ്ടത്തുന്നതിനായി രാജ്യത്തെ തന്ത്രപ്രധാന സ്ട്രീറ്റുകളിലും റോഡുകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കാൻ നീക്കം. സെക്യൂരിറ്റി സിസ്റ്റം ഡിപാർട്ട്‌മെന്റ്, ട്രാഫിക് വകുപ്പ് എന്നിവയുമായി സഹകരിച്ച് തയ്യാറാക്കിയ റോഡ് സുരക്ഷാ നിയന്ത്രണ പദ്ധതി(ത്വലഅ)ക്ക് നാഷനൽ ലീഡേഴ്‌സ് സെന്ററിനു കീഴിലെ സെൻട്രൽ ഓപറേഷൻസ് ഡിപ്പാർട്ട്‌മെന്റ് ആണ് പുതിയ പദ്ധതി നടപ്പിൽ വരുന്നത്.

സിഗ്നലുകളിലെ കാമറകൾക്കു പുറമെ സ്മാർട്ട് ക്യാമറകളും നിരത്തിലെത്തുന്നതോടെ ബെൽറ്റ് ധരിക്കാതിരിക്കൽ, ഡ്രൈവിങിനിടെ മൊബൈലിൽ സംസാരിക്കൽ, തെറ്റായ രീതിയിൽ ഓവർടേക്കിങ്, അതിവേഗത, സിഗ്നൽ മുറിച്ചുകടക്കൽ തുടങ്ങിയ പൊതുസുരക്ഷക്ക് ഭീഷണിയായ ചെറുതും വലുതുമായ നിയമലംഘനങ്ങൾ എല്ലാം പിടിവീഴും.

റോഡുകളിൽ സ്ഥാപിക്കുന്ന കാമറകളെല്ലാം സ്മാർട്ട് കാമറകളായിരിക്കും. ഓപറേറ്റിങ് റൂമിലിരുന്ന് സൂം ചെയ്യാനും വാഹന നമ്പറും നിയമലംഘനം നടന്ന സ്ഥലവും നിയമ ലംഘനത്തിന്റെ വ്യാപ്തിയും വ്യക്തമായി മനസിലാക്കാനും ഈ കാമറകൾ ട്രാഫിക് ഉദ്യോഗസ്ഥരെ സഹായിക്കും.