ദോഹ: റസിഡൻസ് പെർമിറ്റ്(ഇഖാമ) പാസ്‌പോർട്ടിൽ സ്റ്റിക്കർ ആയി പതിക്കുന്നത് ഒഴിവാക്കാൻ നീക്കം. ഇഖാമ പാസ്‌പോർട്ടിൽ പതിക്കുന്നതിന് പകരം ഐഡന്റിറ്റി കാർഡിൽ കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി അത് ഇഖാമയായി ഉപയോഗിക്കാനാണ് ആലോചന. പരീക്ഷണ ഘട്ടത്തിലുള്ള ഈ പരിഷ്‌കാരം ഉന്നത തലത്തിലുള്ള അംഗീകാരം ലഭിച്ചാലുടൻ നടപ്പാക്കിത്തുടങ്ങും.  ഇതിന് വേണ്ടി ഐ.ഡിയിൽ വിലാസവും മറ്റും ഉൾപ്പെടുന്ന ഇലക്ട്രോണിക് ചിപ്പ്  ഘടിപ്പിക്കുന്ന കാര്യവും ആലോചനയിലുണെ്ടന്ന് ആഭ്യന്തര മന്ത്രാലയത്തിലെ പ്രവാസി കാര്യ വകുപ്പ് മേധാവി ബ്രിഗേഡിയർ നാസർ ജബർ അൽഅതിയ്യ പറഞ്ഞു.

ഓൺലൈൻ സേവനങ്ങൾ വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രവാസി വകുപ്പ്. ഓഫിസ് സന്ദർശിക്കാതെ റസിഡൻസ് പെർമിറ്റുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഓൺലൈൻ വഴി  സാധ്യമാക്കാനാണ് ആലോചന. പ്രവാസികൾക്കും അവരുടെ കുടുംബങ്ങൾക്കും പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഐ.ഡി കാർഡിൽ ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ വിവരങ്ങൾ ഉണ്ടാവും.