കുവൈത്ത്: ഖത്തറുമായുള്ള നയതന്ത്രബന്ധം ഗൾഫ് രാജ്യങ്ങൾ വിച്ഛേദിച്ചതോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാൻ തുർക്കിയും കുവൈത്തും ശ്രമം തുടങ്ങി. പ്രശ്‌നത്തിനു പരിഹാരം കാണാൻ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സൗദി അറേബ്യയിലേക്കു പോകും. പ്രശ്‌നപരിഹാരത്തിനായി ഇടപെടണമെന്ന് കുവൈത്തിലെ പാർലമെന്റ് അംഗങ്ങൾ ഭരണനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

ഗൾഫ് രാജ്യങ്ങളുമായി നല്ലബന്ധം പുലർത്തുന്ന തുർക്കിയാണ് മധ്യസ്ഥശ്രമങ്ങളുമായി ആദ്യം രംഗത്തെത്തിയത്. ചർച്ചകളിലൂടെ പ്രശ്‌നപരിഹാരത്തിന് എല്ലാ കക്ഷികളും തയാറാകണമെന്ന് തുർക്കി അഭ്യർത്ഥിച്ചു.

അതേസമയം, രാജ്യത്തെ പ്രതിസന്ധിയുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി വാർത്താസമ്മേളനം നടത്തുന്നുണ്ട്. ജിസിസിയിലോ റിയാദിൽ നടന്ന അമേരിക്കൻ ഇസ്‌ലാമിക് അറബ് ഉച്ചകോടിയിലോ പറയാത്ത ആരോപണങ്ങളാണ് ഗൾഫ് രാജ്യങ്ങൾ ഉന്നയിക്കുന്നതെന്ന് വിദേശകാര്യമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽതാനി പറഞ്ഞു. ആരോപണങ്ങൾ പൂർണമായും അടിസ്ഥാനരഹിതമാണ്. ഒരു ജിസിസി രാജ്യത്തെ മറ്റു ജിസിസി രാജ്യങ്ങൾ ചേർന്ന് ഒറ്റപ്പെടുത്തുന്ന നടപടി അത്ഭുതകരമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഖത്തറിന്റെ നടപടികൾ അയൽക്കാരെ മാത്രമല്ല അമേരിക്കയെയും അസ്വസ്ഥപ്പെടുത്തുന്നതെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ഭിന്നത എത്രയും വേഗം പരിഹരിക്കണം. ഖത്തറിനെ ശരിയായ ദിശയിലെത്തിക്കാൻ ശ്രമം തുടരുമെന്നും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനെ അറിയിച്ചു. അതേസമയം, ട്രംപിന്റെ സൗദി സന്ദർശനം പ്രതികാര നടപടികൾക്ക് കാരണമായെന്നാണ് ഖത്തറിന്റെ നിലപാട്.

ജനങ്ങൾക്ക് അവശ്യസാധനങ്ങൾ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഗൾഫ് രാജ്യങ്ങളുമായി മാത്രമല്ല, മറ്റു രാജ്യങ്ങളുമായും ഖത്തറിന് വാണിജ്യബന്ധങ്ങളുണ്ട്. അവരുമായുള്ള കടൽ, വ്യോമ ഗതാഗതസംവിധാനങ്ങൾ തുറന്നുകിടക്കുകയാണ്. മറ്റു രാജ്യങ്ങളുമായുള്ള ഇറക്കുമതിക്കും സഞ്ചാരങ്ങൾക്കും ബുദ്ധിമുട്ടില്ല. ഹമദ് തുറമുഖം വഴിയാണ് ഖത്തറിലേക്കുള്ള അവശ്യസാധനങ്ങൾ എത്തുന്നത്. അതിനാൽ സൗദി തുറമുഖങ്ങൾ അടച്ചാലും സാധനങ്ങൾ ലഭിക്കുമെന്നും അവർ വ്യക്തമാക്കി. എന്നാൽ, ഭക്ഷ്യവസ്തുക്കളുടെ അപര്യാപ്ത ഉണ്ടാകുമെന്ന ആശങ്കയെ തുടർന്ന് ഖത്തറിലെ സൂപ്പർമാർക്കറ്റുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പാൽ, മുട്ട, പഞ്ചസാര, അരി തുടങ്ങിയവ ശേഖരിച്ചു വയ്ക്കുകയാണ് ജനങ്ങൾ.

നയതന്ത്ര ബന്ധം വിച്ഛേദിച്ചതിനു പിന്നാലെ ഖത്തറിലേക്കുള്ള പഞ്ചസാര കയറ്റുമതി സൗദിയും യുഎഇയും നിർത്തിവച്ചു. ഖത്തറുമായുള്ള അതിർത്തി സൗദി ദീർഘകാലത്തേക്ക് അടച്ചിട്ടാൽ ലോകകപ്പ് ഒരുക്കങ്ങളെയും ബാധിക്കും. ലോകകപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് സംഘാടകസമിതിയുമായി നിരന്തര ആശയവിനിമയം നടത്തുന്നുണ്ടെന്ന് ഫിഫ അറിയിച്ചു.

പ്രതിസന്ധി അനന്തമായി നീണ്ടാൽ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെയും ബാധിക്കും. യുഎഇയ്ക്ക് അവശ്യമായ ദ്രവീകൃത പ്രകൃതി വാതകത്തിന്റെ ഏറിയ പങ്കും ഖത്തറിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.