ദോഹ: മന്ത്രിസഭാ അഴിച്ചു പണിക്കു പിറകേ പൊതുമേഖലയിലെ സ്വതന്ത്ര ഭരണ വകുപ്പുകളിലും മാറ്റം. സുപ്രിം ഹെൽത്ത് കൗൺസിലും (എസ് സി എച്ച്) സുപ്രിം എജ്യുക്കേഷൻ കൗൺസിലും (എസ് ഇ സി) നിർത്തലാക്കി കൗൺസിലുകളുടെ ചുമതല യഥാക്രമം പൊതു ആരോഗ്യ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവുമാരിക്കും ഇനി നിർവഹിക്കുക.

എന്നാൽ പുതിയ പുനക്രമീകരണത്തിലൂടെ കൂടുതൽ ജീവനക്കാർ ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയിലാണ് പ്രവാസി സമൂഹം. ഇരു മെഡിക്കൽ കോർപറേഷനുകളിലെയും അഡ്‌മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ ഒട്ടേറെ മലയാളികൾ സേവനമനുഷ്ഠിക്കുന്നുണ്ട്. വരുംമാസങ്ങളിൽ ഇരു മെഡിക്കൽ കോർപറേഷനുകളിലും ഘടനാപരമായി വലിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന.

2016ലെ ഒന്നാം ഉത്തരവു പ്രകാരമാണ് അമീർ മന്ത്രാലയം പുനഃസ്സംഘടിപ്പിച്ചത്. അമീരി ഉത്തരവ് രണ്ട് പ്രകാരം മേജർ ജനറൽ ഹമദ് ബിൻ അലി അൽ അത്വിയ്യയെ പ്രധാനമന്ത്രിയുടെ റാങ്കോടെ അമീറിന്റെ പ്രതിരോധ ഉപദേശകനായി നിയമിച്ചിരുന്നു. അടിയന്തര പ്രാബല്യത്തോടെയാണ് അമീറിന്റെ ഉത്തരവുകൾ വന്നത്..

സർക്കാർ വിവിധ മേഖലകളിൽ ചെലവുകൾ വെട്ടിച്ചുരുക്കുകയും കൂടുതൽ വിഭവ സമാഹരണത്തിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുകയും ചെയ്യുകയാണ്. സർക്കാർ ചെലവുകൾ ചുരുക്കുന്നതിന്റെ ഭാഗമായാണ് എല്ലാ മേഖലകളിലും ജീവനക്കാരെ പുനഃക്രമീകരിക്കുന്നത്. ഇതുവരെ ജീവനക്കാരെ പിരിച്ചുവിടാതിരുന്ന ഖത്തർ റയിലിൽ നിന്ന് ആദ്യഘട്ടമായി 50 പേർക്ക് കഴിഞ്ഞദിവസം പിരിച്ചുവിടൽ നോട്ടിസ് ലഭിച്ചു. എച്ച്എംസിക്കു കീഴിലെ അഞ്ച് ആശുപത്രികളിൽ നിന്നായി ആയിരത്തോളം പേർക്കാണ് കഴിഞ്ഞ ഞായറാഴ്ച പിരിച്ചുവിടലിനു മുന്നോടിയായുള്ള നോട്ടിസ് ലഭിച്ചിരുന്നു.

ക്യുപിയും അനുബന്ധ സ്ഥാപനങ്ങളും ജീവനക്കാരെ വീണ്ടും പുനഃക്രമീകരിച്ചേക്കുമെന്നും സൂചനയുണ്ട്. മാർച്ചിൽ കമ്പനികളുടെ ബജറ്റ് വരുമ്പോൾ സ്വകാര്യമേഖലയിലും ജീവനക്കാരുടെ പുനർക്രമീകരണമുണ്ടായേക്കാം.