ത്തറിൽ പ്രവാസികളായ തൊഴിലാളികൾ ഉൾപ്പെടെ കാത്തിരിക്കുന്ന സ്‌പോൺസർഷിപ്പ് നിയമ പരിഷ്‌കരണം അന്തിമ ഘട്ടത്തിലെന്ന് തൊഴിൽമന്ത്രി ഡോക്ടർ അബ്ദുല്ല സാലിഹ് അൽഖുലൈഫി പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോഗത്തിൽ നിയമ പരിഷ്‌കരണത്തിലെ സുപ്രധാനമായ അഞ്ചു കാര്യങ്ങൾക്കാണ് ഖത്തർ മന്ത്രിസഭ അനുമതി നൽകിയതായും അദ്ദേഹം അറിയിച്ചു. നിയമത്തിന് ഖത്തർ അമീർ അംഗീകാരം നൽകുന്നതോടെ കാലങ്ങളായി തുടർന്നു വരുന്ന കഫാല സമ്പ്രദായം എടുത്തുകളയും.

രാജ്യത്ത് കഴിയുന്ന പ്രവാസികളുടെ സ്‌പോൺസർഷിപ്പ് മാറ്റം, എൻട്രിഎക്‌സിറ്റ് പെർമിറ്റ് തുടങ്ങിയവ സംബന്ധിച്ച കരട് നിയമത്തിന്മേലുള്ള ശൂറ കൗൺസിൽ ശിപാർശകൾക്കാണ് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്. ഇതിന്റെ മുന്നോടിയായി നടപ്പിലാക്കുന്ന വേതന സുരക്ഷാ പദ്ധതി തൊഴിൽസംബന്ധമായ പരാതികൾക്ക് വലിയോരളവിൽ പരിഹാരമായതായി മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തെ മുഴുവൻ തൊഴിലാളികൾക്കു ശമ്പളം കൃത്യമായി ലഭിക്കുന്നു എന്ന ഉറപ്പ് വരുത്താനായി മന്ത്രാലയത്തിന്റെ മേൽനോട്ടം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.