ദോഹ: ബലിപ്പെരുന്നാൾ- ഓണം ഒരേ സമയം വന്നത്തെിയതോടെ വിമാനകമ്പനികൾക്ക് ചാകര. ഇതോടെ കേരളത്തിലേക്ക് എത്തുന്നവരുടെ എ്ണ്ണം ഉയർന്നതോടെ നിരക്കും കുത്തനെ ഉയർത്തിയിരിക്കുകയാണ്. ഖത്തറിൽ നിന്ന് കേരളത്തിലേക്ക് പോകാനും വരാനും അടക്കം 3000 ഖത്തർ റിയാലിൽ കുറഞ്ഞ് ഒരു വിമാനത്തിലും സീറ്റ് ലഭ്യമല്ലെന്നാണ് റിപ്പോർട്ട്.

കോഴിക്കോട്-ദോഹ സെക്ടറിൽ നാൽപതിനായിരത്തിൽ കുറവ് ടിക്കറ്റ് ലഭിക്കുന്ന വിമാനങ്ങൾ ഇല്‌ളെന്ന് തന്നെ പറയാം. ഉയർന്ന നിരക്ക് നൽകിയാലും സെപ്റ്റംബർ 15 മുതൽ 25 വരെ സീറ്റുകൾ ലഭ്യമല്ലാത്ത അവസ്ഥയും നിലനിൽക്കുന്നു. വേനലവധി കഴിഞ്ഞ് ഇന്ത്യൻ സ്‌ക്കൂളുകൾ തുറക്കുന്നത് സപ്തംബർ 18 നാണ്. കുടുംബങ്ങളുമായി തിരിച്ച് പോരേണ്ടവർ അധികവും ടിക്കറ്റ് നേരത്തെ എടുത്തതിനാൽ വലിയ ചൂഷണത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചിട്ടുണ്ട്.

എന്നാൽ പുതിയ വിസക്കാർ, സന്ദർശകർ എന്നിവർ ഈ നിരക്ക് കണ്ട് യാത്ര മാറ്റി വെക്കാൻ നിർബന്ധിതരായിരിക്കുകയാണ്. സപ്തംബർ ഒൻപതിന് കോഴിക്കോട്ടേക്കും സപ്തംബർ 17 ന് തിരിച്ചും ഖത്തർ എയർവെഴ്‌സ് നിരക്ക് 5010 റിയാലാണ്. സാധാരണ നിരക്കിൽ നിന്ന് രണ്ടിരട്ടി കൂടുതലാണിത്.

ഖത്തർ എയർവെഴ്‌സ് വിവിധ സെക്ടറുകളിലേക്ക് നിരക്കിളവ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അവധി ദിവസങ്ങളിൽ ഈ നിരക്ക് ബാധകമല്ല.