ദോഹ: ഖത്തറിൽ രണ്ട് ദിവസമായി പെയ്യുന്ന മഴയിൽ റോഡുകൾ പലതും പുഴയായി മാറി. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. പലയിടത്തും ഗതാഗതം പാടെ സ്തംഭിച്ച നിലയിലാണ്. മഴയിൽ മുങ്ങിയതോടെ രാജ്യത്തെ ജീവിതം ദുരിതത്തിലായിരിക്കുകയാണ്.

അനേകം കെട്ടിടങ്ങളും വെള്ളത്തിൽ നിൽക്കുകയാണ്. ഹമദ് അന്താരാഷ്ട്ര വിമാനത്താവള മുൾപ്പെടുന്ന മേഖലയിൽ കനത്ത മഴയാണ് പെയ്തത്. ഈ മേഖലയിൽ 24 മണിക്കൂറിനുള്ളിൽ 80 മില്ലീമീറ്റർ മഴ ലഭിച്ചതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്തു. അബു ഹിമറിലാണ് ഏറ്റവും കൂടുതൽ മഴ പെയ്ത രണ്ടാമത്തെ സ്ഥലം. ഇവിടെ 31.8 മില്ലീമീറ്റർ മഴയാണ് പെയ്തത്.

അബുസമ്രയിൽ 26.5 മില്ലീമീറ്റററും മീസെയ്ദിൽ 17.8 മില്ലീമീറ്റററും ഖത്തർ യൂണിവേഴ്‌സിറ്റിയിൽ 17.5മില്ലീമീറ്ററും ദോഹ എയർപോർട്ടിൽ 16.9 മില്ലീമീറ്ററററും മഴ പെയ്തു. നോർത്തേൺ ഖത്തറിന്റെ ചില ഭാഗങ്ങളിലും ഇന്നലെ കനത്ത മഴ പെയ്തു. ഇന്ന് കുറഞ്ഞ താപനില 19 സെൽഷ്യസും കൂടിയത് 26 സെൽഷ്യസുമാണെന്ന് പ്രതീക്ഷിക്കുന്നു. ദോഹയിൽ കുറഞ്ഞ താപനില 21 സെൽഷ്യസും കൂടിയത് 25 സെൽഷ്യസുമായിരിക്കും.

ഉച്ചക്ക് മുമ്പ് തന്നെ മഴ ശമിച്ചെങ്കിലും പല റോഡുകളിലും വെള്ളക്കെട്ട് തുടരുകയാണ്. ടാങ്കർ ലോറികളിലേക്ക് വെള്ളം മോട്ടോർ ഉപയോഗിച്ച് പമ്പ് ചെയ്ത് വറ്റിക്കാനുള്ള തീവ്ര ശ്രമത്തിലാണ് മുനിസിപ്പാലിറ്റി ജീവനക്കാർ. ഖത്തറിലെ പ്രധാന വാണിജ്യകേന്ദ്രമായ ഹയാത്ത് പ്‌ളാസ വെള്ളപൊക്കം കാരണം അടച്ചിട്ടതായാണ് റിപ്പോർട്ട്. വെള്ളം ഒഴുകിവന്നതിനാൽ ദാർ അൽ സലാം മാളും വില്ലാജിയോ മാളും താൽക്കാലികമായിപ്രവർത്തനം നിർത്തി.

ഇന്നും ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടായിരിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. റോഡിലും മറ്റും കെട്ടിക്കിടക്കുന്ന മഴ വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികാരികൾ. അടിയന്തര സാഹചര്യങ്ങളിൽ സഹായം ആവശ്യമുള്ളവർക്ക് എമർജൻസി നമ്പറായ 999 വിളിക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.