ദോഹ: ഇമിഗ്രേഷൻ വകുപ്പ് കടലാസ് രഹിതമാക്കുന്നതിന്റെ ഭാഗമായി വിസകൾ ഓൺലൈൻ വഴി ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. ഇതിന്റെ ആദ്യ പടിയായി കോൺഫറൻസുകൾക്കും കായിക പരിപാടികൾക്കും വരുന്നവർക്കു വേണ്ടി ഓൺലൈൻ വിസ സംവിധാനം
ആരംഭിച്ചു. ലോകത്ത് ആദ്യമായാണ് ഇങ്ങനെയൊരു സംവിധാനമെന്ന് അധികൃതർ വ്യക്തമാക്കി. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ലോക ഹാൻഡ്‌ബോൾ ചാംപ്യൻഷിപ്പിനു വേണ്ടിയാണ് ഇങ്ങനെയൊരു സംവിധാനത്തിനു തുടക്കം കുറിച്ചത്.

കോൺഫറൻസുകൾക്കും കായിക പരിപാടികൾക്കും മാത്രമുള്ള ഈ സ്മാർട്ട് സംവിധാനം മറ്റ് വിസകൾക്കും ഉടൻ നടപ്പാക്കും. ഇപ്പോൾ ഖത്തറിൽ സമ്മേളനങ്ങൾക്കും കായിക മൽസരങ്ങൾ ഉൾപ്പെടെയുള്ള മറ്റു പരിപാടികളിലും പങ്കെടുക്കാൻ വരുന്നവർ വിസ ലഭിക്കുന്നതിന് തങ്ങളുടെ രാജ്യങ്ങളിലെ ഖത്തർ എംബസിയെ സമീപിക്കേണ്ടതില്ല. ഓൺലൈനിൽ കയറി നേരിട്ട് തന്നെ വിസയ്ക്കു വേണ്ടി അപേക്ഷിക്കാവുന്നതാണ്.

നേരത്തേ കോൺഫറൻസുകൾക്കും മറ്റും വിസ ഇഷ്യു ചെയ്യുന്ന നടപടികൾ മൂന്നു മാസം മുമ്പു തന്നെ തുടങ്ങിയിരുന്നു. ഇനി അതിന്റെ ആവശ്യമില്ലെന്നും അൽഹൈദൂസ് വ്യക്തമാക്കി.