ദോഹ: വർധിച്ചു വരുന്ന ജനസംഖ്യയ്ക്ക് ആനുപാതികമായി രാജ്യത്ത് ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനത്തിൽ വൻ വർധനയുണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഇറച്ചി, പാലുത്പന്നങ്ങൾ, പഴവർഗങ്ങൾ എന്നിവയുടെ ഉത്പാദനത്തിൽ റെക്കോർഡ് വളർച്ചയാണ് നേരിട്ടിരിക്കുന്നതെന്ന് സർക്കാരിന്റെ കണക്കുകൾ വെളിപ്പെടുത്തുന്നു.

ഭക്ഷ്യവസ്തുക്കളുടെ കാര്യത്തിൽ ഇറക്കുമതിയെ ആശ്രയിച്ചുകൊണ്ടിരുന്ന രാജ്യം ഇപ്പോൾ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്ന തരത്തിലാണ് വളർച്ച നേരിടുന്നതെന്നാണ് റിപ്പോർട്ട്. ഈന്തപ്പഴം, വെള്ളരി, ഗ്രീൻ പെപ്പർ എന്നിവയുടെ ഉത്പാദനത്തിൽ 2009 മുതൽ പ്രാദേശിക കർഷകർ മുമ്പന്തിയിൽ തന്നെയാണ്. കൂടാതെ ഇറച്ചി, പാലുത്പന്നങ്ങൾ തുടങ്ങിയവയുടെ ഉത്പാദനത്തിൽ ത്വരിത വളർച്ചയാണ് നേടിയിരിക്കുന്നതെന്ന് മിനിസ്ട്രി ഓഫ് ഡെവപ്‌മെന്റ് പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വെളിപ്പെടുത്തുന്നു.

നിലവിൽ രാജ്യത്തെ  ഒട്ടുമിക്ക ഭക്ഷ്യ വസ്തുക്കളും ഇവിടെ തന്നെ ഉത്പാദിപ്പിക്കുന്നവ തന്നെയാണെന്നും താമസിയാതെ ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി നിർത്തലാക്കാൻ സാധിക്കുമെന്നുമാണ് റിപ്പോർട്ട്. 741,566 ടൺ, ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇറച്ചി, മുട്ട, മത്സ്യം, പാൽ ഉൽപ്പന്നങ്ങൾ എന്നിവയാണ് ഉൽപ്പാദിപ്പിച്ചത്. ഏറ്റവും അധികം ഉൽപ്പാദനം നടന്നത് കന്നുകാലികളുടെ കാര്യത്തിലാണ്. 2013ൽ ഇത് 574207 ടൺആയിരുന്നു. രണ്ടാം സ്ഥാനം പാലും പാൽ ഉൽപ്പന്നങ്ങളും നേടി. 65 ശതമാനത്തിന്റെ വർദ്ധനയാണ് ആറുവർഷങ്ങൾക്കുള്ളിൽ ഈ മേഖലയിൽ നേടിയത്. ഈന്തപ്പഴത്തിന്റെ നിർമ്മാണമാണ് ഖത്തറിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.