ദോഹ. ഖത്തറിലെ മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച ഖത്തർ മലയാളി മാന്വലിലെ വിവരങ്ങൾ അനധികൃതമായി കോപ്പിയടിച്ച് വിവർത്തനം ചെയ്ത് ഖത്തർ മലയാളി ഡയറക്ടറി എന്ന പേരിൽ പ്രസിദ്ധീകരിച്ചതായി പരാതി. കേരളത്തിൽ ആലപ്പുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വേൾഡ് ക്‌ളാസ് മീഡിയ ഗ്രൂപ്പാണ് ഈ കൊള്ള നടത്തിയതെന്നാണ് പരാതി. മീഡിയ പ്ലസിന്റെ മുഖ്യ പ്രസിദ്ധീകരണമായ ഖത്തർ മലയാളി മാന്വലിലെ ഫോട്ടോകളും വിവരങ്ങളും അനധികൃതമായി ഉപയോഗിച്ച ഖത്തർ മലയാളി ഡയറക്ടറി അധികൃതർക്കെതിരെ നിയമ നടപടിയെക്കുറിച്ച് ആലോചിക്കുന്നതായി മീഡിയ പ്ളസ് സിഇഒ.യും ഖത്തർ മലയാളി മാന്വലിന്റെ ചീഫ് എഡിറ്ററുമായ അമാനുല്ല വടക്കാങ്ങര വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖത്തറിലും കേരളത്തിലും നിയമ നടപടി ആലോചിക്കുന്നുണ്ട്. ഖത്തർ മലയാളി ഡയറക്ടറിയുടെ മാനേജിങ് ഡയറക്ടർ സന്തോഷ് കൊട്ടാരം, ഖത്തർ പ്രതിനിധി പ്രീതി കൊട്ടാരം എന്നിവർക്കെതിരെ ഖത്തറിലും, പബ്ലീഷറും ചീഫ് എഡിറ്ററുമായ സാജീദ് ഖാൻ പനവേലിൽ, എക്സിക്യൂട്ടീവ് എഡിറ്റർ വി.കെ. ജോണി എന്നിവർക്കെതിരെ നാട്ടിലുമാണ് നിയമനടപടി ആലോചിക്കുന്നത്.

ഖത്തർ സാംസ്‌കാരിക മന്ത്രാലയത്തിന്റെ പൂർണ അംഗീകാരത്തോടെ 2011-ലാണ് മാദ്ധ്യമ ലോകത്ത് തന്നെ വേറിട്ട സംരംഭമായി മീഡിയ പ്ളസ് ഖത്തർ മലയാളി മാന്വൽ പ്രസിദ്ധീകരിച്ചത്. ഖത്തറിലെ മലയാളി സമൂഹത്തിലെ ശ്രദ്ധേയരായ വ്യക്തിത്വങ്ങളെ കണ്ടെത്തി പ്രസിദ്ധീകരിച്ച മാന്വലിന് ഖത്തറിനകത്തും പുറത്തും വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ 2013 ൽ മാന്വലിന്റെ പരിഷ്‌ക്കരിച്ച രണ്ടാം പതിപ്പും പുറത്തിറക്കി. കൂടുതലാളുകളെ ഉൾപ്പെടുത്തി ഖത്തർ മലയാളി മാന്വലിന്റെ പരിഷ്‌ക്കരിച്ച മൂന്നാം പതിപ്പ് പുറത്തിറക്കുവാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് തങ്ങളുടെ പ്രസിദ്ധീകരണത്തിലെ ഭൂരിഭാഗം പേജുകളും അതേപടി വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ച കാര്യം ശ്രദ്ധയിൽപ്പെട്ടത്.

മാസങ്ങളുടെ കഠിനാദ്ധ്വാന ഫലമാണ് ഖത്തർ മലയാളി മാന്വൽ. അത് സൗകര്യപൂർവം മോഷ്ടിച്ച് വിവർത്തനം ചെയ്ത് ഖത്തറിൽ കൊണ്ടുവന്നു എന്നത് തങ്ങളെ അത്ഭുതപ്പെടുത്തി. ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് ഈ പ്രസിദ്ധീകരണം ഖത്തറിലെത്തിയതെന്നാണ് അറിയുന്നത്. ഏപ്രിൽ 17 നാണ് ഖത്തർ മലയാളി ഡയറക്ടറി ഖത്തറിൽ പ്രകാശനം ചെയ്യപ്പെട്ടത്.

അമാനുല്ല വടക്കാങ്ങരക്കു പുറമേ മാന്വലിന്റെ ചീഫ് കോർഡിനേറ്റർ അഫ്സൽ കിളയിൽ, പ്രൊഡക്ഷൻ കൺട്രോളർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർമാരായ ഫൗസിയ അക്‌ബർ, അബ്ദുൽ ഫത്താഹ് നിലമ്പൂർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.