ദോഹ: ആഭ്യന്തരമന്ത്രാലയത്തിന്റെ സേവനങ്ങൾ മൊബൈലിൽ ലഭ്യമാക്കുന്ന മെട്രാഷ് 2ലൂടെ ഇനി കമ്പനികൾക്കും ഇതരസ്ഥാപനങ്ങൾക്കും ജീവനക്കാരുടെ താമസാനുമതി രേഖ(ആർപി) പുതുക്കാം. കമ്പനി പ്രതിനിധി അപേക്ഷ സമർപ്പിക്കാതെ യഥാസമയം തൊഴിലാളികളുടെ ആർപി സ്വമേധയാ പുതുക്കുന്നതിനായി ഡയറക്ട് ഡെബിറ്റ് സർവീസ് എന്ന സേവനവും മെട്രാഷിൽ പുതിയതായി ഉൾപ്പെടുത്തി.

മെത്രാഷ് 2ൽ പുതിയ രണ്ട് സേവനങ്ങൾ കൂടിയാണ് പുതിയതായി ഉൾപ്പെടുത്തിയത്. ഇതോടെ മെട്രാഷ് 2ൽ ലഭ്യമാകുന്ന സർക്കാർ സേവനങ്ങളുടെ എണ്ണം 211 ആയി. കമ്പനികളിലെയും സ്ഥാപനങ്ങളിലെയും തൊഴിലാളികളുടെ റസിഡൻസ് പെർമിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കാനുള്ള സംവിധാനം, ഡയറക്ട് ഡെബിറ്റ് സർവീസ് സബ്സ്‌ക്രിപ്ഷൻ സംവിധാനം എന്നിവയാണ് പുതുതായി ഉൾപ്പെടുത്തിയത്. കമ്പനി പ്രതിനിധികൾക്ക് സമയം ലാഭിക്കാനും ഐഡി പുതുക്കുന്നത് വൈകി പിഴ അടക്കേണ്ടി വരുന്നത് ഒഴിവാക്കാനും ഓട്ടോമേറ്റഡ് റസിഡൻസ് പെർമിറ്റ് പുതുക്കൽ സംവിധാനം സഹായിക്കും. ഈ സേവനം ലഭ്യമാവാൻ കമ്പനികളെ ഇതിൽ ആഡ് ചെയ്യണം.

റസിഡൻസ് പെർമിറ്റ് കാലാവധി തീരാറായ തൊഴിലാളികളുടെ പട്ടിക അതത് സമയത്ത് ആപ്പ് അറിയിക്കും. കമ്പനിയിൽ നിന്ന് പിരിച്ചുവിട്ട തൊഴിലാളികളെ ഇതിൽ നിന്ന് ഒഴിവാക്കാനും സാധിക്കും. ഈ സേവനം ലഭ്യമാവണമെങ്കിൽ കമ്പനി ഡയറക്ട് ഡെബിറ്റ് സർവീസിൽ സബ്സ്‌ക്രൈബ് ചെയ്യണം. കമ്പനിയുടെ അക്കൗണ്ടിൽ നിന്ന് സേവനത്തിനുള്ള ഫീസ് മന്ത്രാലയത്തിന്റെ എക്കൗണ്ടിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്നതിന് വേണ്ടിയാണിത്. ആവശ്യമായ സേവനങ്ങൾക്ക് പണം അടയ്ക്കാൻ പുതിയ ഡയറക്ട് ഡെബിറ്റ് സർവീസ് മെത്രാഷ് 2 ഉപഭോക്താക്കൾക്ക് ഉപയോഗിക്കാം.

നേരത്തേ ഇത് ബാങ്ക് കാർഡ് വഴി മാത്രമാണ് സാധ്യമായിരുന്നത്. ഈ സൗജന്യ സേവനം ആക്ടിവേറ്റ് ചെയ്യുന്നതിന് ഖത്തർ നാഷനൽ ബാങ്കിന്റെ ഏതെങ്കിലും ബാങ്കിൽ പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണം. ഡയറക്ട് ഡെബിറ്റ് സേവനം ഉപയോഗിക്കാൻ ചുമതലപ്പെടുത്തുന്നയാളുടെ പേര് ഫോമിൽ വ്യക്തമാക്കിയിരിക്കണം. ഏത് തരത്തിലുള്ള പേമെന്റിനും പ്രസ്തുക വ്യക്തിക്ക് ഇത് ഉപയോഗിക്കാനാവും. പേമെന്റിനിടയിൽ എന്തെങ്കിലും പിഴവുകൾ വന്നാൽ തുക അപ്പോൾ തന്നെ അക്കൗണ്ടിലേക്ക് മടങ്ങിയെത്തും. നിലവിൽ 211 ഇലക്ട്രോണിക് സേവനങ്ങൾ മെത്രാഷ് 2ലും മന്ത്രാലയത്തിന്റെ വെബ്സൈറ്റിലും ലഭ്യമാണ്. മെത്രാഷ് 2 ഉപഭോക്താക്കളുടെ എണ്ണം ഇതിനകം 3,28,000 കവിഞ്ഞിട്ടുണ്ട്.