ദോഹ: ഖത്തറിൽ വിദേശികളുടെ വരവും പോക്കും സംബന്ധിച്ച കരട് നിയമത്തെക്കുറിച്ചുള്ള റിപ്പോർട്ട് മന്ത്രിസഭയ്ക്ക് സമർപ്പിച്ചുവനെന്നും, പ്രവാസിൾക്ക് ഏറെ നിബന്ധനകൾ ഉള്ളതാണ് പുതിയ നിയമമെന്നും കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത പുറത്ത് വന്നിരുന്നു. എന്നാൽപുതിയ സ്‌പോൺസർഷിപ്പ് നിയമം ഇഷ്ടാനുസരണം തൊഴിൽ മാറാനുള്ള സ്വാതന്ത്ര്യം നൽകുമെന്നു തൊഴിൽ സാമൂഹിക സുരക്ഷാകാര്യ മന്ത്രി അബ്ദുല്ല സലേ മുബാറക് അൽ ഖുലൈഫി അഭിപ്രായപ്പെട്ടു. തൊഴിലിടത്ത് നിന്ന് തൊഴിലാളി 'അപ്രത്യക്ഷരാകുന്ന' സമ്പ്രദായം ഇല്ലാതാകുമെന്നും മന്ത്രി പറഞ്ഞു.

അടുത്ത രണ്ട് വർഷത്തിൽ ഖത്തറിലേക്കുള്ള തൊഴിലാളികളുടെ ഒഴുക്ക് കൂടുമെന്നും പിന്നീട് അത് ക്രമേണ കുറയുമെന്നും മന്ത്രി പറഞ്ഞു. അതോടെ തൊഴിൽ വിപണിയിൽ വേതന സ്ഥിരത ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശികളുടെ വരവും പോക്കും താമസവും സംബന്ധിച്ചുള്ള കരട് നിയമം ചർച്ചചെയ്യാൻ ചേർന്ന അഡ്വൈസറി കൗൺസിലിന് കീഴിലെ ഇന്റേണൽ ആൻഡ് എക്‌സ്റ്റേണൽ അഫയേഴ്‌സ് കമ്മിറ്റി യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞതെന്ന് അറബി പത്രം അൽ ഷർഖ് റിപ്പോർട്ട് ചെയ്തു. കരട് നിയമം അംഗീകരിച്ച് ശുപാർശകളോടെ മന്ത്രിസഭയ്ക്ക് കൈമാറാൻ തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു.

ഇഷ്ടാനുസരണം തൊഴിൽ മാറാനുള്ള അവകാശം നടപ്പാകുന്നതോടെ അന്യായമായ കൂലിവർധന തടയും. പുതിയ തൊഴിലാളികളെ തിരഞ്ഞെടുക്കാനും തൊഴിലാളികളും ഉടമയും തമ്മിലുള്ള ബന്ധം പുതുക്കാനും സമയം നൽകിയശേഷം മാത്രമേ പുതിയ സ്‌പോൺസർഷിപ്പ് നിയമം നടപ്പാക്കൂ എന്നും മന്ത്രി പറഞ്ഞു. കരാർ കഴിയുന്നതിനനുസരിച്ച് ജോലി തുടരാനും നിർത്താനും തൊഴിലാളിക്ക് പുതിയ നിയമത്തിൽ അവകാശം ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു.

എക്‌സിറ്റ് പെർമിറ്റിന് മൂന്ന് ദിവസത്തെ സമയമാണ് പുതിയ നിയമം ഉടമയ്ക്ക് അനുവദിക്കുന്നത്. അതിനുള്ളിൽ പെർമിറ്റ് അനുവദിക്കാനും തിരസ്‌കരിക്കാനും ഉടമയ്ക്ക് അവകാശം ഉണ്ടായിരിക്കും. വേതന വർധന, ഒളിച്ചോടുന്ന തൊഴിലാളികൾ, തൊഴിലാളികളുടെ സ്‌പോൺസർഷിപ്പ് മാറ്റം തുടങ്ങിയ കാര്യങ്ങളിലാണ് വരും കാലം മന്ത്രാലയം ശ്രദ്ധ കേന്ദ്രീകരിക്കുകയെന്നും മന്ത്രി പറഞ്ഞു