ദോഹ: മൊബൈൽ ഫോണുകളിൽ ഉൾപ്പെടെ കുട്ടികൾ കളിക്കുന്ന ചില ഗെയിമുകൾക്കെ തിരെ മുന്നറിയിപ്പുമായി ഖത്തർ ആഭ്യന്തര മന്ത്രാലയം. കുട്ടികൾ വഴിതെറ്റിപ്പോകുന്ന ഗെയിമുകൾക്കെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മാർഗനിർദ്ദേശം മന്ത്രാലയം പ്രസീദ്ധീകരിച്ചു. ചില ഗെയിമുകളുടെ ഉള്ളടക്കത്തെക്കുറിച്ചും അപകടങ്ങളെക്കുറിച്ചും രക്ഷിതാക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നതാണ് മാർഗനിർദ്ദേശം.

സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും അതിന്റെ സുരക്ഷിതമായ ഉപയോഗത്തിനും ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന കാംപയിന്റെ ഭാഗമായാണ് പുതിയ നിർദ്ദേശം പുറപ്പെടുവിച്ചത്. രക്ഷിതാക്കൾക്കായി അറബിയിലുള്ള മാർഗരേഖ ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഫേസ്‌ബുക്ക് പേജിലാണ് പ്രസിദ്ധീകരിച്ചത്.

ഓൺലൈനിൽ നിന്ന് ലഭിക്കുന്ന ചില ഗെയിമുകൾ കുട്ടികളെ തെറ്റായ വഴിയിലേക്കു നയിക്കുന്നതും അവരുടെ ധാർമിക മൂല്യവും മത സാംസ്‌കാരിക പാശ്ചാത്തലവും നശിപ്പിക്കുന്നതുമാണെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രക്ഷിതാക്കൾ ഇത് ശ്രദ്ധിക്കണമെന്നും അല്ലാത്ത പക്ഷം വലിയ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇലക്ട്രോണിക് ഗെയിമുകളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ, അതിൽ ഉപയോഗിക്കുന്ന സിമ്പലുകൾ എന്താണ് സൂചിപ്പിക്കുന്നത്. വളരെ ഈസിയായി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന ഇത്തരം ഗെയിമുകൾ നിങ്ങളുടെ കുട്ടികൾക്ക് അനുയോജ്യമാണോ തുടങ്ങിയ ചോദ്യങ്ങൾ ഇതിൽ ഉന്നയിക്കുന്നു. ഇക്കാര്യത്തിൽ രക്ഷിതാക്കളെ സഹായിക്കാൻ മന്ത്രാലയം തയ്യാറാണെന്നും ഇത്തരം കാര്യങ്ങൾ മക്കൾക്ക് വാങ്ങി നൽകുന്നതിന് മുമ്പ് അവയെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ഇലക്ട്രോണിക് ഗെയിമുകളെ വിശദമായി പരിചയപ്പെടുത്തുന്നതാണ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗ നിർദ്ദേശം.ഗെയിമുകളിൽ ഉപയോഗിക്കുന്ന സിമ്പലുകൾ, ഐക്കണുകൾ എന്നിവയുടെ തരംതിരിവിനെക്കുറിച്ചും ഇത് ഉപയോഗിക്കാൻ നിശ്ചയിക്കപ്പെട്ട പ്രായ പരിധിയെക്കുറിച്ചും മുതിർന്നവർക്ക് മാത്രം ഉപയോഗിക്കുന്നതിനുള്ള അടയാളങ്ങളും മന്ത്രാലയം പരിചയപ്പെടുത്തുന്നുണ്ട്.

അക്രമ വാസനയുള്ളതും ചൂതാട്ടത്തിന് പ്രേരണ നൽകുന്നതുമായ ഗെയിമുകളെയും തരംതിരിച്ച് മാർഗനിർദേശത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. നിലവിൽ അറബിയിൽ പ്രസിദ്ധീകരിച്ച നിർദ്ദേശം മറ്റ് ഭാഷകളിലും പ്രസിദ്ധീകരിക്കുമോ എന്ന് വ്യക്തമല്ല.