ദോഹ: കറങ്ങി നടക്കുന്ന യുവാക്കൾ കുടുംബങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് മൂലം രാജ്യത്തെ മാളുകളിൽ വെള്ളിയാഴ്ച കുടുംബങ്ങൾക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തണമെന്ന് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ (സി.എം.സി.) യോഗത്തിൽ അംഗങ്ങൾ ആവശ്യപ്പെട്ടു. അതേസമയം ഒറ്റയ്ക്ക് താമസിക്കുന്നവരെ വാരാന്ത്യങ്ങളിൽ പൂർണമായി ഒഴിവാക്കുന്നത് പ്രായോഗികമല്ലെന്ന വാദവും ഉയർന്നു. ഒറ്റയ്ക്ക് താമസിക്കുന്ന തൊഴിലാളികൾ ഉൾപ്പടെയുള്ളവർ വെള്ളിയാഴ്ചകളിലാണ് മാളുകളിൽ കൂടുതലായി എത്തുന്നത്.

കുടുംബമായി സാധനം വാങ്ങാനെത്തുന്നവർക്ക് ഇത് അസൗകര്യം സൃഷ്ടിക്കുന്നുവെന്നാണ് വിമർശനം. വെള്ളിയാഴ്ച കുടുംബദിവസമായി മാറ്റിവയ്ക്കണമെന്നും മുമ്പ് ഇത്തരം രീതികൾ നിലവിലുണ്ടായിരുന്നെന്നും ചില അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ ആഴ്ചയിലെ ഏക അവധി ദിവസമായ വെള്ളിയാഴ്ച മാത്രമേ ഒറ്റയ്ക്ക് താമസിക്കുന്നവർക്ക് പുറത്തിറങ്ങാൻ സാധിക്കാറുള്ളൂ എന്നും അവരെ വിലക്കുക പ്രായോഗികമല്ലെന്നും മറ്റു ചിലർ അഭിപ്രായപ്പെട്ടു.

ആസ്പയർ പാർക്ക് ഉൾപ്പെടെ ദോഹയിലെ ചില പാർക്കുകളിൽ വെള്ളിയാഴ്ചകളിൽ ബാച്ചിലേഴ്‌സിന് വിലക്കുണ്ട്. ചില കടൽ തീരങ്ങളിലും വിലക്കുണ്ട്. ഇതേ രീതിയിൽ മാളുകളിൽ വെള്ളിയാഴ്ച നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ആവശ്യം ഉയർന്നത്.