ദോഹ: ദേശീയ ദിനാഘോഷങ്ങൾക്കായി ഖത്തറിൽ വിപുലമായ ഒരുക്കങ്ങൾ. സ്വദേശികളെപ്പൊലെ വിപുലമായ ആഘോഷങ്ങൾ ക്കൊരുങ്ങുകയാണ് പ്രവാസികളും. അന്നവും അഭയവും നൽകുന്ന നാടിനോടുള്ള കൂറും സ്‌നേഹവും പ്രകടമാക്കാൻ നാലിടങ്ങളിലായാണ് പ്രവാസികൾക്കായുള്ള പരിപാടികൾ ഒരുക്കിയിരിക്കുന്നത്.

വെസ്റ്റ് എൻഡ് പാർക്ക് ആംഫിതിയേറ്റർ,  വക്‌റ, അൽഖോർ, റയ്യാൻ സ്പോർട്സ് ക്ലബ്ബ് എന്നിവിടങ്ങളിലായാണ് പരിപാടികൾ. ഇൻഡസ്ട്രിയൽ ഏരിയയിലെ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആറ് രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ക്രിക്കറ്റ് മൽസരവും ഉണ്ടാവും.

സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലഗസി, ഖത്തർ പ്രൈമറി മെറ്റീയൽസ് കമ്പനി, ഖത്തർ നാഷനൽ ബാങ്ക്, ഖത്തർ സ്റ്റീൽ, ദോഹ ബാങ്ക്, അൽജാബർ എൻജിനീയറിങ് തുടങ്ങിയ കമ്പനികളും സ്ഥാപനങ്ങളുമാണ് അസോസിയേറ്റഡ് ആക്ടിവിറ്റീസ് ഫോർ ഖത്തർ നാഷനൽ ഡേ സെലിബ്രേഷൻസ് 2014 സ്‌പോൺസർ ചെയ്യുന്നത്.

ഇന്ത്യൻ, ശ്രീലങ്കൻ പ്രവാസി സമൂഹത്തിനു വേണ്ടിയുള്ള പരിപാടികളാണ് വെസ്റ്റ് എൻഡ് പാർക്കിൽ നടക്കുന്നത്. അൽവക്‌റ് സ്പോർട്സ് ക്ലബ്ബിൽ പാക്കിസ്ഥാനി, ബംഗ്ലാദേശി കമ്യൂണിറ്റികൾ പരിപാടികൾ അവതരിപ്പിക്കും. ഫിലിപ്പിനോ, ഇന്തോനീസ്യൻ, മേലസ്യൻ പ്രവാസികൾ റയ്യാൻ സ്പോർട്സ് ക്ലബ്ബിലും നീപ്പാളീസ് കമ്യണിറ്റി അൽഖോർ സ്‌റ്റേഡിയത്തിലുമാണ് ആഘോഷം നടത്തുക.

വെസ്റ്റ് എൻഡ് പാർക്കിലെ പരിപാടിയിൽ ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, ശ്രീലങ്കൻ സ്‌കൂൾ, പാക് ഷാമ, സ്‌കോളേഴ്‌സ് ഇന്റർനാഷനൽ സ്‌കൂൾ എന്നിവയിലെ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറും. പാക്കിസ്ഥാൻ എജ്യൂക്കേഷൻ സെന്റർ, ബംഗ്ലാദേശ് എം.എച്ച്.എം സ്‌കൂൾ, ഭവൻസ് പബ്ലിക് സ്‌കൂൾ, ശാന്തിനികേതൻ, ടി.എൻ.ജി പാക്കിസ്ഥാനി സ്‌കൂൾ എന്നിവയിലെ കുട്ടികൾ വക്‌റ സ്പോർട്സ് സ്‌റ്റേഡിയത്തിലും ദോഹ ഫിലിപ്പീൻസ് സ്‌കൂൾ, ഫിലിപ്പീൻസ് ഇന്റർനാഷനൽ സ്‌കൂൾ, നോബ്ൾ ഇന്ത്യൻ സ്‌കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ കുട്ടികൾ റയ്യാൻ സ്പോർട്സ് ക്ലബ്ബിലും മികവ് പ്രകടിപ്പിക്കും.

അൽഖോർ സ്പോർട്സ് ക്ലബ്ബിൽ എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ, ബ്രൈറ്റ് ഫ്യൂച്ചർ പാക്കിസ്ഥാനി ഇന്റർനാഷനൽ സ്‌കൂൾ, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ, ബിർള പബ്ലിക് സ്‌കൂൾ, നാഷനൽ കെ.ജി എന്നിവയിലെ വിദ്യാർത്ഥികളാണ് വിവിധ പരിപാടികൾ അവതരിപ്പിക്കുക.

നാലിടങ്ങളിലുമായി 17 സ്‌കൂളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ 102 പരിപാടികളും 9 പ്രവാസി സമൂഹങ്ങളുടെ 180 പ്രകടനങ്ങളുമാണ് അരങ്ങേറുകയെന്ന് സംഘാടക സമിതി അറിയിച്ചു. കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യമുണ്ട്. കാണികൾക്കായി നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങളും ലഭിക്കും. സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത്, ആസ്റ്റർ മെഡിക്കൽ സെന്റർ, നസീം അൽറബീഹ്, കിംസ് മെഡിക്കൽ സെന്റർ, ലൈഫ് ലൈൻ മെഡിക്കൽ സെന്റർ എന്നിവ ഒരുക്കുന്ന സൗജന്യ പ്രഷർ, ഷുഗർ പരിശോധനയും ഇതോടൊപ്പം ലഭ്യമാവും.