ദോഹ. ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് പ്രമുഖ അഡ്വർട്ടൈസിങ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ളസും റെസ്റ്റോറന്റ് ശൃംഖലയായ ടീം ടൈമും സംയുക്തമായി സംഘടിപ്പിച്ച സൗഹൃദ ഫുട്ബോൾ മത്സരത്തിൽ മീഡിയപ്ളസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ടീ ടൈം ജേതാക്കളായി. അൽ അസീരി മിനി സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ടീ ടൈമിന് വേണ്ടി ഇബ്നു ശിയാദ്, ഫവാസ് എന്നിവർ ഗോളുകൾ നേടി.

മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തറിന്റെ ദേശീയ കായിക ദിനത്തിൽ പ്രവാസി സംരംഭ കൂട്ടായ്മകളുടെ പങ്ക് പ്രധാനമാണെന്നും സജീവ പിന്തുണയോടെയാണ് ഈ മുന്നേറ്റത്തിൽ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക കായിക ഭൂപടത്തിൽ ഇതിനകം തന്നെ ശ്രദ്ധേയമായ സാന്നിധ്യം അടയാളപ്പെടുത്തിയ ഖത്തറിന്റെ കായിക കുതിപ്പുകൾക്ക് ശക്തി പകരുന്നതാണ് ഓരോ കായിക ദിനങ്ങളും. പൊതു അവധി പ്രഖ്യാപിച്ച് രാജ്യം മുഴുവൻ ഒത്തൊരുമിച്ച് ആഘോഷിക്കുന്ന കായിക ദിനം സമൂഹത്തിന്റെ ചിന്താഗതിയിലും പ്രവർത്തനങ്ങളിലും ആരോഗ്യകരമായ മാറ്റം വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

മികച്ച കളിക്കാരനായി ടീ ടൈമിലെ ഇബ്നു ശിയാദിനെ തെരഞ്ഞെടുത്തു. സെയിൽസ് മാനേജർ ഷറഫുദ്ധീൻ തങ്കയത്തിൽ, മാർക്കറ്റിങ് കോർഡിനേറ്റർ മുഹമ്മദ് റഫീഖ് വടക്കാങ്ങര, സിയാഹുറഹ്മാൻ, അഫ്സൽ കിളയിൽ, ജോജിൻ മാത്യൂ, സെയ്തലവി അണ്ടേക്കാട്, ശരൺ എസ്. സുകു. ഖാജാ ഹുസൈൻ പാലക്കാട്, ജംഷാദ് ആർ.ജെ, മുഹമ്മദ് ശിബിലി, ജൗഹർ ശമീം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ടീ ടൈം ഖത്തർ മാനേജിങ് ഡയറക്ടർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള സംഘം കായികദിനം കൂടുതൽ ആകർഷകമാക്കി.