ദോഹ: പ്രവാസി മലയാളികൾ ഉൾപ്പെട്ട രാജ്യത്തെ തൊഴിലാളികൾക്ക് ശമ്പളം ബാങ്ക് വഴി നല്കിത്തുടങ്ങിയാൽ വിസ കച്ചവടത്തിന് അറുതിയാവുമെന്ന് ദേശിയ മനുഷ്യാവകാശ സമിതി അറിയിച്ചു. ഡബ്ല്യു.പി.എസ്. സംവിധാനം ഈയിടെ പ്രഖ്യാപിച്ചതിന് ശേഷം ഇതു നടപ്പാക്കുന്നതിനു വേണ്ടി കമ്പനികൾക്ക് ആറു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലാവധി ഉടൻ അവസാനിക്കാനിരിക്കുകയാണ്. അതിനു ശേഷം കമ്പനികൾ നിർബന്ധമായും ശമ്പളം ബാങ്ക് വഴി കൈമാറേണ്ടി വരും.

കൂടാതെ ഡബ്ല്യു.പി.എസ്. നടപ്പാക്കിത്തുടങ്ങിയാൽ സ്വകാര്യ കമ്പനികൾ തൊഴിലാളികളുടെ വേതനം ഓൺലൈനിൽ ട്രാൻസ്ഫർ ചെയ്യുന്നത് എൻ.എച്ച്.ആർ.സി. കർശനമായി നിരീക്ഷിക്കുമെന്ന് നിയമകാര്യ വിഭാഗം മേധാവി ജാബിർ അൽഹുവൈൽ പറഞ്ഞു.

ഒരു കമ്പനിക്കും ഇതിൽ നിന്ന് ഒഴിവുണ്ടാകില്ല. ഇതോടെ തൊഴിൽ വിസകൾ വിൽപ്പന നടത്തുന്ന വ്യാജ കമ്പനികൾ തുറന്നുകാട്ടപ്പെടുമെന്ന് അൽഹുവൈൽ പറഞ്ഞു.

വിസ വിൽപ്പന നടത്തുന്ന നിരവധി കമ്പനികളുണ്ട്. അത്തരം വിസകളിൽ എത്തുന്ന തൊഴിലാളികളെ മറ്റെവിടെയെങ്കിലും ജോലി തിരയാനായി വിടുകയാണ് ചെയ്യുന്നത്. എന്നാൽ ഡബ്ല്യു.പി.എസ്. നടപ്പാകുന്നതോടെ തങ്ങളുടെ വിസയിൽ എത്തിയവർക്കെല്ലാം ഓൺലൈനിൽ ശമ്പളം നൽകാത്ത കമ്പനികൾ മുഴുവൻ പൂട്ടേണ്ടി വരും. തൊഴിലാളികളുടെ ശമ്പളവും അതു നൽകിയതു സംബന്ധിച്ച വിവരങ്ങളും അടങ്ങിയ റിപോർട്ട് കമ്പനികൾ ഇടയ്ക്കിടെ സമർപ്പിക്കേണ്ടതുണ്ട്.