ദോഹ: അന്താരാഷ്ട്ര വിപണിയിൽ ഓയിലിന്റെ വിലയിടിവിനെ തുടർന്ന് രാജ്യത്ത് ഇന്ധന, ഭക്ഷ്യ സബ്‌സിഡികൾ വെട്ടിച്ചുരുക്കില്ലെന്ന് ധനമന്ത്രിയുടെ ഉറപ്പ്. രാജ്യത്തിന്റെ സമ്പദ് ഘടന ഇപ്പോഴും ശക്തമാണ്. അതുകൊണ്ടു തന്നെ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതികൾ മരവിപ്പിക്കാനോ ജനങ്ങൾക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന സബ്‌സിഡികൾ വെട്ടിക്കുറയ്ക്കാനോ രാജ്യം ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി അലി ഷെരീഷ് അൽ എമാദി വ്യക്തമാക്കി.

എണ്ണവില കുറഞ്ഞതിന്റെ പശ്ചാത്തലത്തിൽ മറ്റ് അഞ്ച് ജിസിസി രാജ്യങ്ങളും സാമ്പത്തിക അച്ചടക്ക നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുന്ന അവസരമാണിത്. എന്നാൽ ഖത്തറിന്റെ ബജറ്റ് ഇപ്പോഴും കമ്മി ആയിട്ടില്ല. ലിക്വിഫൈഡ് നാച്ചറൽ ഗ്യാസിന്റെ ലോകത്തെ ഏറ്റവും വലിയ കയറ്റുമതി രാജ്യമായ ഖത്തറിൽ സാമ്പത്തിക പ്രതിസന്ധി എത്തിനോക്കിയിട്ടു പോലുമില്ല. ബാരലിന് 65 ഡോളർ എന്ന വില ലഭിച്ചാൽ പോലും മിച്ച ബജറ്റിലേക്ക് ഉയരുമെന്നാണ് മന്ത്രി പ്രഖ്യാപിച്ചത്.

ഖത്തറിലെ കാർണീജ് മെലൻ യൂണിവേഴ്‌സിറ്റിയുടെ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കുകയായിരുന്നു മന്ത്രി. നിലവിലുള്ള സാമ്പത്തിക സാഹചര്യം വളരെ സുരക്ഷിതമാണെന്നും ഇപ്പോഴത്തെ അവസ്ഥയിൽ കൂടുതൽ വെട്ടിച്ചുരുക്കലുകളുടെ ആവശ്യമില്ലെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.