ദോഹ: സന്ദർശകരെ ആകർഷിക്കാൻ പുതിയതായി 59 പാർക്കുകൾ നിർമ്മിക്കാനുള്ള പദ്ധതിയുമായി ഖത്തർ നഗരസഭ വികസന മന്ത്രാലയം.  തികച്ചും പരിസ്ഥിതിയുമായി ഇണങ്ങിച്ചേർന്നു നിൽക്കുന്ന ഈ പാർക്കുകളുടെ നിർമ്മാണ ചെലവ് 150 കോടി റിയാൽ ആണ് കണക്കാക്കിയിരിക്കുന്നത്. അടുത്ത വർഷം പാർക്കുകളുടെ നിർമ്മാണം ആരംഭിക്കും.

അൽ റയ്യാൻ നഗരസഭയിൽ ഇരുപത്തഞ്ചും ഉംസലാലിൽ പതിനാലും അൽവക്ര, അൽ ഖോർ, അൽ സഖീറ എന്നിവിടങ്ങളിൽ ആറുവീതം പാർക്കുകളുമാണ് തുറക്കുക. നവീന മാതൃകയിലും ഡിസൈനിലുമാവും പുതിയ പാർക്കുകൾ നിർമ്മിക്കുക. ഓരോ നഗരസഭയിലെയും ജനസംഖ്യയ്ക്കും വിസ്തൃതിക്കും ആനുപാതികമായാണ് പാർക്കുകൾ നിർമ്മിക്കുന്നത്. പാർക്കുകളിൽ 2010 മുതൽ വിവിധതരം വൃക്ഷങ്ങളും ചെടികളും നട്ടുവളർത്തുന്നുണ്ട്. ഖത്തറിന്റെ പരിസ്ഥിതിയുമായി ഇണങ്ങുന്ന ഇരുന്നൂറോളം വൃക്ഷത്തൈകൾ പാർക്കുകളിൽ നട്ടു പിടിപ്പിച്ചിട്ടുണ്ട്. ഇവ വളരാൻ വളരെ കുറഞ്ഞ അളവിലുള്ള ജലസേചനം മതിയെന്നും അൽ ഖൂരി പറഞ്ഞു.

ദോഹ നഗരസഭയിൽ അഞ്ചും അൽ ദയേനിൽ രണ്ടും ചൽ ഷമാലിൽ ഒന്നും വീതം പാർക്കുകളാണ് നിർമ്മിക്കുക. പുതിയ പാർക്കുകളെല്ലാം ഒരേ മാതൃകയിലാണ് പണിയുന്നത്. ധാരാളം പേർക്ക് ആഘോഷത്തിനും വിശ്രമത്തിനും ഈ പാർക്കുകൾ ഉപകരിക്കും.

കൂടാതെ ദേശീയദിനാഘോഷങ്ങളോടനുബന്ധിച്ച് രാജ്യത്ത് ആയിരം ചെടികൾ വിതരണം ചെയ്യും. നഗരസഭകൾ 4.20 ലക്ഷം പുച്ചെടികൾ വച്ചുപിടിപ്പിക്കുന്നതാണ്.