ഖത്തർ: ഖത്തറിൽ നിന്നും കത്തും മറ്റു പോസ്റ്റുകളും അയക്കുന്നതിനുള്ള സേവന നിരക്ക് വർധിപ്പിച്ചു. ജനുവരി ഒന്നു മുതലാണ് പുതിയ നിരക്ക് നിലവിൽ വന്നിരിക്കുന്നത്. കൂടാതെ രാജ്യത്ത് പുതിയ ശാഖകൾ തുറക്കാനും പദ്ധതിയുണ്ട്. നിലവിൽ സാധാരണ പോസ്റ്റ് ഓഫീസിന് പുറമെ 47 ശാഖകളാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്.

കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ ഇത് ആദ്യമായാണ് നിരക്ക് വർധിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തിനകത്ത് സാധാരണ കത്തയക്കുന്നതിന് 3.5 റിയാലാണ് ഈടാക്കുക. മുൻപ് ഇത് ഒരു റിയാലായിരുന്നു. രാജ്യത്തിന് പുറത്തേക്ക് അയക്കുന്ന വസ്തുക്കളുടെ ഭാരവും ദൂരവും കണക്കാക്കിയാണ് ഇതിനുള്ള നിരക്ക് നിശ്ചയിക്കുക. അതിനായി ക്യൂ പോസ്റ്റ് ഓൺലൈൻ കാൽക്കുലേറ്റർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എയർമെയിൽ വഴി യുകെയിലേക്ക് ചെറിയ ആശംസാ കാർഡ് അയക്കുന്നതിന് 4 റിയാൽ ആയിരുന്നത് 9 റിയാൽ ആയിട്ടുണ്ട്.

കോർണിഷിലെ പുതിയ പോസ്റ്റ് ഓഫീസിൽ സ്വകാര്യ ബോക്‌സ് വാടകയ്ക്ക് എടുക്കുന്നതിന് ഒരു വർഷത്തേക്ക് 300 റിയാൽ എന്നത് 500 റിയാൽ ആയി വർധിപ്പിച്ചു. കോർപ്പറേറ്റ് ബോക്‌സുകൾക്ക് 1500 റിയാലുമാണ് പുതിയ നിരക്ക്.

പുതുക്കിയ നിരക്കുകൾ നവംബറിൽ ക്യൂ പോസ്റ്റ് വെബ്ബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഓൺലൈൻ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഷിപ്പ് 2 ക്യു പദ്ധതി നടപ്പിലാക്കാനും ക്യു പോസ്റ്റ് തീരുമാനിച്ചിട്ടുണ്ട്. മാർച്ചിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത് നടപ്പിലാക്കാനാണ് തീരുമാനം.