ദോഹ: സ്വകാര്യ വിദ്യാഭ്യാസ മേഖലയ്ക്ക് മേൽ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. സ്‌കൂളുകളുടെ ഭാഷാപരവും സാംസ്‌കാരികവുമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും സ്വകാര്യ സ്‌കൂളുകളിലെ നിക്ഷേപം നിയന്ത്രിക്കുന്നതിനും കമ്പനി രൂപീകരിക്കണമെന്നാണ് പുതിയ ശുപാർശ. ഖത്തറി ഓഹരിയുള്ള കമ്പനികളാണ് ആവശ്യമെന്ന് ഖത്തർ ചേംബർ വിദ്യാഭ്യാസ കമ്മിറ്റി ശുപാർശ ചെയ്തിരിക്കുന്നത്.
ഖത്തർ ചേംബർ വൈസ് ചെയർമാൻ മുഹമ്മദ് അഹമ്മദ് ബിൻ തുവാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിലാണ് ഇക്കാര്യം ചർച്ചയായത്.

സ്വകാര്യ വിദ്യാഭ്യാസ വിപണിയിൽ കമ്പനി രൂപവത്കരണം അനിവാര്യമാണെന്ന് യോഗം വിലയിരുത്തി. പ്രാദേശിക നിക്ഷേപകരെയും സ്വകാര്യ സ്‌കൂൾ ഉടമകളെയും കമ്പനിയിലുൾപ്പെടുത്തണമെന്നും നിർദേശമുണ്ട്. ജനസംഖ്യ വർദ്ധിക്കുന്നതിനാൽ രാജ്യത്ത് സ്വകാര്യസ്‌കൂളുകളുടെ ആവശ്യം കൂടുകയാണ്. അനേകം സ്വകാര്യ വിദേശ സ്‌കൂളുകൾ പുതിയ ശാഖകൾ തുടങ്ങുന്നുണ്ട്.ഈ സാഹചര്യത്തിൽ പുതിയ കമ്പനി അനിവാര്യമാണെന്നാണ് അഭിപ്രായമുയരുന്നത്.

സ്വകാര്യസ്‌കൂളുകളിലെ ഫീസ് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. രാജ്യത്തെ സ്വകാര്യ വിദ്യാഭ്യാസ മേഖല അനേകം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. ഇവയ്‌ക്കെല്ലാം പരിഹാരം കാണുന്നതിനുള്ള നടപടികളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു. സ്വകാര്യവിദേശ സ്‌കൂളുകളിൽ ഉൾപ്പെടെ വിദേശികൾ നിക്ഷേപം നടത്തുന്നുണ്ട്. ഇവയെല്ലാം നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഈ വിഷയങ്ങളെല്ലാം ഉടൻ സർക്കാർ പരിഗണനയിൽ വരുമെന്നാണ് പ്രതീക്ഷ.