ദോഹ: ഖത്തറിനെതിരെ അറബ് രാജ്യങ്ങളുടെ ഉപരോധം കൂടുതൽ പ്രശ്നങ്ങളിലേക്ക് നീങ്ങുന്നു. യു.എ.ഇ കിരീടാവകാശി ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ അതിഥിയായി അബുദാബിയിലെത്തിയ ഖത്തർ രാജകുടുംബാംഗം ഷെയ്ക്ക് അബ്ദുല്ല ബിൻ അലി അൽതാനിയെ യു.എ.ഇ തടങ്കലിൽ വച്ചെന്ന ആരോപണമാണ് ഇപ്പോൾ കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.

അൽതാനി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് തന്നെ തടഞ്ഞ് വെച്ചെന്ന് ആരോപിച്ചത്. ഷെയ്ക്ക് മുഹമ്മദിന്റെ അതിഥിയായെത്തിയെ ഞാൻ ഇപ്പോൾ അബുദാബിയിലാണ്. എന്നാൽ എന്നെ ഇവിടെ തടഞ്ഞ് വച്ചിരിക്കുകയാണ്. എന്നെ അപായപ്പെടുത്തി അത് ഖത്തറിന് മേൽ വച്ച് കെട്ടാനാണ് ഇവർ ശ്രമിക്കുന്നത്. ഖത്തറിലെ ജനങ്ങൾ നിരപരാധികളാണെന്ന് തെളിയിക്കുകയാണ് എന്റെ ലക്ഷ്യം. എനിക്കെന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ ഉത്തരവാദിത്വം ഷെയ്ക്ക് മുഹമ്മദിനായിരിക്കുമെന്നും ഖത്തർ രാജകുടുംബാംഗം വീഡിയോയിൽ പറയുകയാണ്.

ഓൺലൈനിൽ വൈറലായ വീഡിയോ ഖത്തറിലെ അൽ ജസീറ ചാനൽ പ്രക്ഷേപണം ചെയ്തിട്ടുണ്ടെങ്കിലും ഈ വീഡിയോയുടെ ആധികാരികത ഇതുവരെ വ്യക്തമായിട്ടില്ല.ഇതിന് പുറമെ വ്യോമാതിർത്തി ലംഘിച്ചുവെന്ന ഖത്തറിന്റെ ആരോപണം മറ്റ് പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. പ്രശ്നത്തിൽ ഐക്യരാഷ്ട്ര സഭയെ സമീപിക്കുമെന്നും വ്യക്തമാക്കിയ ഖത്തർ വിഷയത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ആവശ്യപ്പെട്ടു.

അതിനിടെ മുന്നറിയിപ്പില്ലാതെ യു.എ.ഇ യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ചതിനെതിരേ ഖത്തർ യു.എന്നിൽ പരാതി നൽകി. യുഎഇയിൽ നിന്ന് ബഹ്റൈനിലേക്ക് സൈനികരെയും വഹിച്ച് പോവുകയായിരുന്ന യുദ്ധവിമാനമാണ് മുൻകൂട്ടിയുള്ള അനുവാദം വാങ്ങാതെ തങ്ങളുടെ വ്യോമാതിർത്തിക്കകത്തു കൂടി കടന്നുപോയതെന്ന് ഖത്തർ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് യു.എന്നിലെ ഖത്തർ പ്രതിനിധി ശെയ്ഖ ആലിയ അഹ്മദ് ബിൻ സെയ്ഫ് അൽഥാനി യു.എൻ സെക്രട്ടറി ജനറലിന് കത്ത് നൽകി. ഖത്തറിന്റെ പരമാധികാരത്തിനെതിരായ കടന്നുകയറ്റമാണിതെന്ന് കത്തിൽ ആരോപിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ രണ്ടാമത്തെ തവണയാണ് യു.എ.ഇ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിക്കുന്നത്. ഖത്തർ അതിർത്തി സുരക്ഷയ്ക്ക് ഇത് ഭീഷണിയാണെന്നും അന്താരാഷ്ട്ര നിയമങ്ങളും മര്യാദകളും ലംഘിക്കുന്ന നടപടി ഖത്തർ തുടരുകയാണെന്നും ഖത്തർ പ്രതിനിധി കുറ്റപ്പെടുത്തി.

കഴിഞ്ഞ ഡിസംബർ 21നും യു.എ.ഇ വിമാനം ഖത്തർ വ്യോമാതിർത്തി ലംഘിച്ചിരുന്നു. ഖത്തർ ആകാശത്ത് 33,000 അടി ഉയരത്തിൽ ഒരു മിനുട്ട് നേരം അതിർത്തി ലംഘനം തുടർന്നു. യു.എ.ഇയുടെ ഈ നിലപാട് നിരുത്തരവാദപരവും പ്രകോപനപരവുമാണെന്നും ഖത്തർ കുറ്റപ്പെടുത്തി. അതേസമയം, ഖത്തറിന്റെ വ്യോമാതിർത്തിയും പരമാധികാരവും സംരക്ഷിക്കുന്നതിനുള്ള എല്ലാനടപടിയും രാജ്യം സ്വീകരിക്കുമെന്നും കത്തിൽ വ്യക്തമാക്കി.

ഖത്തറിനെതിരേ സൗദി അറേബ്യ, യു.എ.ഇ, ബഹ്റൈൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചേർന്ന് ഏർപ്പെടുത്തിയ ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ വലിയ പ്രധാന്യമാണ് അതിർത്തി ലംഘനത്തിന് കൽപ്പിക്കപ്പെടുന്നത്. സൗദിയും യു.എ.ഇയും ചേർന്ന് ഖത്തറിനെ ആക്രമിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഖത്തറിനെതിരായ ഉപരോധം ഭരണകൂടത്തിന് മാത്രമല്ല, ജനങ്ങളെയും ദുരിതത്തിലാക്കാൻ ഉദ്ദേശിച്ചുള്ളതാണ് യു.എൻ ഹൈക്കമ്മീഷൻ ഫോർ ഹ്യൂമൺ റൈറ്റ്സിന്റെ റിപ്പോർട്ട് കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു.