ദോഹ:  പ്രവാസികൾ വർഷങ്ങളായി കാത്തിരിക്കുന്ന കഫാല നിയമമാറ്റം അടുത്ത വർഷം ആദ്യം നടപ്പാക്കുമെന്നു തൊഴിൽ മന്ത്രാലയം.  തൊഴിൽ കരാർ ആസ്പദമാക്കിയുള്ള പുതിയ നിയമം വിദേശ തൊഴിലാളികൾക്ക് ഏറെ പ്രയോജനകരമാവുമെന്നാണ് വിലയിരുത്തുന്നത്. സ്‌പോൺസർഷിപ് നിയമത്തിലും തൊഴിൽ നിയമത്തിലും വ്യാപക മാറ്റങ്ങൾ വരുത്തുന്ന കരടു നിയമം മെയ്‌ 14ന് മന്ത്രിസഭായോഗം
പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരെ നടപടികൾ പൂർത്തിയായിരുന്നില്ല.

നിലവിലെ സ്‌പോൺസർഷിപ്പ് നിയമം തൊഴിലാളികൾക്ക് ഏറെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതും, ഇതേതുടർന്ന് കുടിയേറ്റ
തൊഴിലാളികൾ വ്യാപകമായി ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നും ചൂണ്ടക്കാട്ടി വിവിധ പൗരാവകാശ സംഘടനകൾ സമ്മർദ്ദം ചെലുത്തിയതിെനതുടർന്നാണ് നിയമ പരിഷ്‌കരണത്തിന് ഖത്തർ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്.

നിലവിലെ നിയമപ്രകാരം തൊഴിൽ ഉടമയുടെ അനുമതിയില്ലാതെ വിദേശ തൊഴിലാളികൾക്ക് രാജ്യത്തുനിന്ന് പുറത്തുപോകാനോ, ജോലി മാറാനോ കഴിയില്ല. ഇതേതുടർന്ന് മൂന്നു ദിവസത്തെ ഗ്രേസ് കാലാവധിക്കുശേഷം ഓട്ടോമാറ്റിക് എക്‌സിറ്റ് പെർമിറ്റ് അനുവദിക്കുന്ന പുതിയ സംവിധാനത്തിലേക്ക് മാറാനാണ് ഖത്തർ ആലോചിക്കുന്നത്.നിർദിഷ്ട നിയമമനുസരിച്ച് കരാർ കാലാവധി തീരുന്ന മുറക്ക് തൊഴിൽ
ഉടമയുടെ അനുമതിയില്ലാതെതന്നെ മറ്റ് ജോലികളിലേക്ക് മാറാൻ കഴിയും.

ഇതിന് തൊഴിൽ ഉടമയുടെ എൻ.ഒ.സി ആവശ്യമില്ല. കാലാവധി നിശ്ചയിച്ചിട്ടില്ലാത്ത തൊഴിൽ കരാറാണെങ്കിൽ അഞ്ചു വർഷം
പൂർത്തിയാകുമ്പോൾ പുതിയ ജോലികളിലേക്ക് മാറാൻ കഴിയും. തൊഴിലാളികളുടെ പാസ്‌പോർട്ട് കണ്ടുകെട്ടുന്ന തൊഴിൽ ഉടമകൾക്ക് കനത്ത പിഴ ചുമത്തും.