ദോഹ: ഖത്തറിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം പിന്നിലെന്ന് പുതിയ ഗ്ലോബൽ എഡ്യൂക്കേഷൻ റിപ്പോർട്ട്. വികസിത, വികസ്വര, അവികസിത രാജ്യങ്ങളെ ഉൾപ്പെടുത്തി ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോർപറേഷൻ ആൻഡ് ഡവലപ്‌മെന്റ് (ഒഇസിഡി) സംഘടിപ്പിച്ച സർവേയിലാണ് ഖത്തറിന്റെ വിദ്യാഭ്യാസ നിലവാരം ഏറെ പിന്നിലാണെന്ന് വെളിപ്പെട്ടിരിക്കുന്നത്. 76 രാജ്യങ്ങൾ ഉൾപ്പെടുത്തി തയാറാക്കിയ പട്ടികയിൽ ഖത്തറിന്റെ സ്ഥാനം 68-മതാണ്.

അതേസമയം രാജ്യാന്തര വിദ്യാഭ്യാസ റാങ്കിംഗിൽ ഗൾഫിൽ യുഎഇ ആണ് മുമ്പന്തിയിൽ നിൽക്കുന്നത്. പതിനഞ്ചുവയസ്സുള്ള കുട്ടികളെ തിരഞ്ഞെടുത്തു ഗണിത ശാസ്ത്രവിഷയങ്ങളിൽ നടത്തിയ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തിന്റെയും റാങ്ക് നിർണയിച്ചത്. കുട്ടികളുടെ അടിസ്ഥാനപരമായ കഴിവുകൾ തിട്ടപ്പെടുത്താൻ കഴിയുന്ന രീതിയിലായിരുന്നു പരീക്ഷകൾ നടത്തിയത്.

ഇതാദ്യമായാണു വികസിത, അവികസിത രാജ്യങ്ങളെ ഉൾപ്പെടുത്തി ഇത്ര ബൃഹത്തായ റിപ്പോർട്ട് തയാറാക്കുന്നത്. എന്നാൽ റിപ്പോർട്ടിലെ കണ്ടെത്തലുകളും അവരുടെ റാങ്കിങ്ങും വളരെ സങ്കുചിതമായ രീതിയിലുള്ളതാണെന്നും അതുവച്ചു ഖത്തറിലെ പൊതുവിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചു വിധിയെഴുതുന്നതു ശരിയാകില്ലെന്നുമാണ്. എന്നാൽ റിപ്പോർട്ട് ശുപാർശ ചെയ്യുന്നത് ഇൻഡിപെൻഡന്റ് (ഖത്തരി പാഠ്യപദ്ധതിയുള്ളവ) സ്‌കൂളുകളിലെ പഠനനിലവാരം ഇനിയും ഉയർത്തണമെന്നാണ്.

ഖത്തറിനു പിന്നിൽ ജിസിസിയിൽ നിന്നുള്ള ഏക രാജ്യം ഒമാനാണ്. 72 ആണ് ഒമാന്റെ സ്ഥാനം. അതേസമയം ബഹ്‌റിന് 57-ാം സ്ഥാനവും സൗദി അറേബ്യയ്ക്ക് 66-ാം സ്ഥാനവുമാണുള്ളത്. ഏഷ്യൻ രാജ്യങ്ങളായ സിംഗപ്പൂർ, ഹോങ്കോങ്, ദക്ഷിണ കൊറിയ, ജപ്പാൻ, തയ്വാൻ എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിൽ. പട്ടികയിൽ ഏറ്റവും പിന്നിലുള്ളതു ഘാനയാണ്. യൂറോപ്യൻ രാജ്യങ്ങളിൽ റാങ്കിങ്ങിൽ ആറാമതുള്ള ഫിൻലൻഡ് ആണു മുന്നിൽ. യുകെ 20ാമതാണ്. അമേരിക്കയ്ക്ക് 28ാം സ്ഥാനമേയുള്ളൂ.