ദോഹ: ഇന്ത്യക്കാരടക്കം നിരവധി തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് ഖത്തർ അമീർ. വിശുദ്ധ റമദാൻ മാസം പ്രമാണിച്ചാണ് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി തടവുകാർക്ക് മാപ്പ് നൽകിയത്.പുതിയ റിപ്പോർട്ടനുസരിച്ച് 23 ഓളം ഇന്ത്യക്കാർക്കാണ് മോചനം ലഭിക്കുന്നത്‌

എന്നാൽ എത്ര തടവുകാർക്കാണ് മോചനമെന്ന് ഔദ്യോഗികമായി അറിയിച്ചിട്ടില്ല. എല്ലാ വർഷവും റമദാനിൽ അമീർ തടവുകാർക്ക് മാപ്പ് നൽകാറുണ്ട്. ഇന്ത്യ, നേപ്പാൾ, ബംഗ്‌ളാദേശ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേർക്ക് മോചനം ലഭിച്ചതായി പ്രാദേശിക വെബ്‌പോർട്ടൽ റിപ്പോർട്ട് ചെയ്തു.

റമദാനിലും ഖത്തർ ദേശീയ ദിനത്തിലുമായി വർഷത്തിൽ രണ്ട് തവണയാണ് തടവുകാർക്ക് പൊതുമാപ്പ് നൽകാറുള്ളത്. തടവുകാലാവധിയുടെ നല്ലൊരു ഭാഗം അനുഭവിച്ചവർക്കാണ് സാധാരണയായി മാപ്പ് നൽകാറുള്ളതെന്ന് എംബസി അധികൃതർ അറിയിച്ചു.

മാപ്പ് നൽകിയ തടവുകാരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതരിൽ നിന്ന് വരും ആഴ്ചകളിൽ ലഭിക്കും. കഴിഞ്ഞ വർഷങ്ങളിൽ ഏകദേശം നൂറോളം പേർക്കാണ് പൊതുമാപ്പ് ലഭിച്ചത്. മോഷണം, മയക്കുമരുന്ന് കടത്ത്, വഞ്ചന തുടങ്ങിയ കുറ്റങ്ങൾക്ക് ജയിലിൽ കിടക്കുന്നവർക്കാണ് മോചനം ലഭിക്കുക.