ത്തറിൽ ഇനി എല്ലാ പള്ളികളിലും ബാങ്ക് വിളിക്കും ഇഖാമത്തിനും ഇടയിൽ 10 മിനിറ്റ് സമയം ഉണ്ടാകും. നേരത്തേ ഇത് അഞ്ചുമിനിറ്റായിരുന്നു. ഔഖാഫ് ഇസ്‌ലാമിക മതകാര്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് രണ്ടാം ബാങ്ക് വിളിക്കുന്നതിന് 20 മിനിറ്റ് മുമ്പേയും പള്ളികളിൽ എത്താം. കഴിഞ്ഞ കുറേ ആഴ്ചകളിലായി രാജ്യത്ത് കോവിഡ് രോഗികൾ കുറഞ്ഞുവരുകയാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് പള്ളികളിൽ നമസ്‌കാരങ്ങൾക്ക് നേരത്തേതന്നെ വിശ്വാസികൾക്ക് പ്രവേശനം നൽകുന്നത്.കോവിഡ് രൂക്ഷമായതിനൽ രാജ്യത്ത് ചില നിയന്ത്രണങ്ങൾ പുനഃസ്ഥാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പള്ളികളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്.

അതേസമയം, പള്ളികളിൽ തുടർന്നും 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഉണ്ടാകില്ല. ടോയ്‌ലറ്റുകളും അംഗശുദ്ധി വരുത്തുന്ന സ്ഥലങ്ങളും അടച്ചിടും. സ്ത്രീകളുടെ നമസ്‌കാര ഇടങ്ങളും അടഞ്ഞുതന്നെ കിടക്കും. രോഗികൾ കുറഞ്ഞുവരുന്നതിനാൽ മെയ്‌ 28 മുതൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കിത്തുടങ്ങുകയാണ്. നാലുഘട്ടങ്ങളിലായി നിയന്ത്രണങ്ങൾ പൂർണമായും പിൻവലിക്കുകയാണ് ചെയ്യുക. ഇതിന്റെ ആദ്യഘട്ടം മെയ്‌ 28 മുതലാണ് നിലവിൽ വരുക.

മൂന്ന് ആഴ്ചകൾ നീളുന്ന നാലുഘട്ടങ്ങളായാണ് നിയന്ത്രണങ്ങൾ നീക്കുക. ആദ്യഘട്ടത്തിൽ വാക്‌സിൻ രണ്ടുഡോസും എടുത്തവർക്ക് കൂടുതൽ ഇളവുകൾ ആണ് നൽകുന്നത്. രണ്ടാംഘട്ട നിയന്ത്രണങ്ങൾ നീക്കൽ ജൂൺ 18 മുതലും മൂന്നാംഘട്ടം ജൂലൈ ഒമ്പതുമുതലും നാലാംഘട്ടം ജൂലൈ 30 മുതലുമാണ് നടപ്പാക്കിത്തുടങ്ങുക.28 മുതൽ കർവബസുകളും ദോഹ മെട്രോയും അടക്കമുള്ള പൊതുഗതാഗതമേഖലക്ക് 30 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം. വെള്ളിയും ശനിയും കൂടി പ്രവർത്തനം പുനരാരംഭിക്കാം. അടച്ചിട്ട സ്ഥലങ്ങളിൽ വാക്‌സിൻ സ്വീകരിച്ച അഞ്ചുപേർക്ക് ഒത്തുകൂടാം.

തുറന്ന സ്ഥലങ്ങളിൽ 10 പേർക്കും. ഇതല്ലാത്ത പരമാവധി അഞ്ചുപേർക്ക് മാത്രമേ പുറത്ത് ഒത്തുകൂടാൻ അനുമതിയുണ്ടാകൂ. 50 ശതമാനം ശേഷിയിൽ തൊഴിൽ കേന്ദ്രങ്ങൾക്ക് പ്രവർത്തിക്കാം. ആകെ ജീവനക്കാരിൽ പകുതിപേർക്കും ജോലിക്കെത്താം. ബിസിനസ് യോഗങ്ങൾ വാക്‌സിൻ സ്വീകരിച്ച 15 പേരെ വെച്ച് ചേരാം.30 ശതമാനം ശേഷിയിൽ റസ്റ്റാറന്റുകൾക്ക് പ്രവർത്തിക്കാം. ക്ലീൻ ഖത്തർ സർട്ടിഫിക്കറ്റുള്ള റസ്റ്റാറന്റുകൾ ആകെ ശേഷിയുടെ 30 ശതമാനത്തിൽ അകത്തിരുത്തി ഭക്ഷണം നൽകാം. എന്നാൽ, ഇത് വാക്‌സിൻ എടുത്തവർക്ക് മാത്രമായിരിക്കും. ഹെൽത്ത്, ഫിറ്റ്‌നസ് ക്ലബുകൾ, സ്പാ എന്നിവക്ക് 30 ശതമാനം ശേഷിയിൽ വാക്‌സിൻ എടുത്ത ഉപഭോക്താക്കൾക്ക് മാത്രം പ്രവേശനം നൽകി പ്രവർത്തിക്കാം. ജീവനക്കാരും വാക്‌സിൻ സ്വീകരിച്ചവരാകണമെന്നത് നിർബന്ധമാണ്.

ബാർബർ ഷോപ്പുകൾ, സലൂണുകൾ എന്നിവക്ക് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പ്രവേശനം നൽകി 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ജീവനക്കാരും വാക്‌സിൻ സ്വീകരിച്ചവരാകണം. പാർക്കുകൾ, ബീച്ചുകൾ എന്നിവിടങ്ങളിൽ അഞ്ച് ആളുകളുള്ള ചെറിയ ഗ്രൂപ്പുകൾക്കും ഒരേ കുടുംബത്തിൽ നിന്നുള്ളവർക്കും പ്രവേശനം.30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. സിനിമതിയറ്ററുകൾക്ക് 30 ശതമാനം ശേഷിയിൽ തുറന്നുപ്രവർത്തിക്കാം. എന്നാൽ, പ്രവേശനം രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്ക് മാത്രം. 16 വയസ്സിനുമുകളിൽ പ്രായമുള്ളവർക്ക് മാത്രം. സൂഖുകൾ വെള്ളി, ശനി ദിവസങ്ങളിലും പ്രവർത്തിക്കാം. ആഴ്ചയിൽ ഏഴ് ദിവസവും 30 ശതമാനം ശേഷിയിൽ ആയിരിക്കണം ഇത്. എന്നാൽ, 12 വയസ്സിന് താഴെയുള്ളവർക്ക് പ്രവേശനം ഇല്ല. അതേസമയം രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ഇല്ലാതായിട്ടില്ല. ഇതിനാൽ എല്ലാവിധ പ്രതിരോധമാർഗങ്ങളും ഇനിയും തുടരണമെന്നും അധികൃതർ ഓർമപ്പെടുത്തുന്നുണ്ട്.',