കോവിഡ് വ്യാപനം വീണ്ടും ഉയർന്നതിനെ തുടർന്ന് ഖത്തറിൽ നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുന്നു. കൊറോണ വൈറസിന്റെ ദക്ഷിണാഫ്രിക്കൻ വകഭേദം ബാധിച്ച് ഈ ആഴ്ച രാജ്യത്ത് ഏഴുപേർ മരിച്ചതോടെയാണ് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.വൈറസിന്റെ ഈ വകഭേദം രോഗികളിൽ കൂടുതൽ ലക്ഷണങ്ങൾ കാണിക്കില്ല. എന്നാൽ ഇത് ഒരാളിൽ നിന്ന്മറ്റൊരാളിലേക്ക് പൈട്ടന്ന് പടരുന്നു. പലരിലും ഇത് മാരകമായി മാറിയതോടെയാണ് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കാരണം.

വെള്ളിയാഴ്ച മുതൽ കൂടുതൽ നിയന്ത്രണങ്ങൾ നിലവിൽ വരും.ഇതു പ്രകാരം ക്ലിയർ ഖത്തർ സർട്ടിഫിക്കറ്റുള്ള റസ്റ്റോറന്റുകൾക്കും കഫേകൾക്കും 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. ബാക്കിയുള്ളവയ്ക്ക് 15 ശതമാനം. ഔട്ട്ഡോൾ ഭക്ഷണശാലകളിൽ 30 ശതമാനമാണ് അനുമതി. വീടുകളിലും മജ്ലിസുകളിലും ഇൻഡോർ ഒത്തുചേരൽ നിരോധിച്ചിട്ടുണ്ട്. പുറത്തുള്ള ഒത്തുചേരലുകളിൽ അഞ്ചുപേർ മാത്രമേ അനുവദിക്കൂ. ഒരേവീട്ടിലുള്ള അംഗങ്ങൾക്ക് വിന്റർ ക്യാംപുകളിൽ ഒത്തുചേരുന്നതിനു വിലക്കില്ല. വിവാഹങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിരോധിച്ചു

പരമാവധി രണ്ടുപേർക്കോ ഒരേ കുടുംബത്തിൽപ്പെട്ടവർക്കോ മാത്രമേ ദോഹ കോർണിഷിലും ബീച്ചുകളിലും പബ്ലിക് പാർക്കുകളിലും ഒത്തുകൂടാൻ അനുമതിയുള്ളു. കളിസ്ഥലങ്ങളിലും ഇത് ബാധകമാക്കിയിട്ടുണ്ട്. വാണിജ്യ സമുച്ഛയങ്ങളുട പരമാവധി ശേഷി 30 ശതമാനമാക്കി ചുരുക്കി. 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്കു പ്രവേശനമില്ല. ഹോൾസെയിൽ മാർക്കറ്റുകളിൽ പരമാവധി ശേഷി 30 ശതമാനം. ബ്യൂട്ടി സലൂണുകളും ബാർബർ ഷോപ്പുകളും 30 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം. അമ്യൂസ്മെന്റ് പാർക്കുകളും വിനോദ കേന്ദ്രങ്ങളും അടച്ചിടും.

പള്ളികളിൽ സാധാരണ നമസ്‌കാരങ്ങളും ജുമുഅ പ്രാർത്ഥനയും പതിവുപോലെ നടക്കും. സർക്കാർ ഓഫിസുകളിലും സ്വകാര്യ ഓഫിസുകളിലും 80 ശതമാനത്തിൽ കൂടുതൽ ജീവനക്കാർ പാടില്ല. ബാക്കിയുള്ളവർ വീടുകളിൽ നിന്ന് ജോലി തുടരണമെന്നുമാണ് നിർദ്ദേശം.