കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. വീടുകളിലും മജ്ലിസുകളും ഇൻഡോർ വേദികളിലും ഒത്തുകൂടാൻ പാടില്ല. ഞായർ മുതൽ വ്യാഴം വരെ 20 ശതമാനം ശേഷിയിൽ മാത്രമാണ് ഇന്നു മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് ദോഹ മെട്രോ, കർവ ബസ് സർവീസുകൾ നടത്തുകയുള്ളു. ദോഹ മെട്രോയുടെ മെട്രോ ലിങ്ക്, മെട്രോ എക്സ്പ്രസ് സർവീസുകളും വാരാന്ത്യങ്ങളിൽ ഉണ്ടാകില്ല. പരമ്പരാഗത സൂഖുകളും വെള്ളി, ശനി ദിവസങ്ങളിൽ പ്രവർത്തിക്കില്ല.

ബ്യൂട്ടി, ഹെയർ സലൂണുകൾ, സിനിമ തീയറ്ററുകൾ, നഴ്സറികൾ, പബ്ലിക് മ്യൂസിയങ്ങൾ, ലൈബ്രറികൾ എന്നിവയും ഇന്നു മുതൽ പ്രവർത്തിക്കില്ല. ഡ്രൈവിങ് സ്‌കൂളുകൾ, ഹെൽത്ത് ക്ലബ്ബുകൾ, മസാജ് സേവന കേന്ദ്രങ്ങൾ, നീന്തൽക്കുളങ്ങൾ, വാട്ടർ പാർക്കുകൾ, അമ്യൂസ്മെന്റ് പാർക്കുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയെല്ലാം മാർച്ച് 25 മുതൽ അടച്ചിട്ടിരിക്കുന്നത് തുടരും.

വീടിന് പുറത്തിറങ്ങുന്നവർ മാസ്‌ക് ധരിക്കണം. പൊതുസ്ഥലങ്ങളിൽ ശാരീരിക അകലം പാലിക്കണം. വാഹനങ്ങളിൽ ഒരേ കുടുംബത്തിലെ അംഗങ്ങൾ ഒഴികെ ഡ്രൈവർ ഉൾപ്പെടെ നാലു പേരിൽ കൂടാൻ പാടില്ല. മൊബൈൽ ഫോണിൽ ഇഹ്തെറാസ് പ്രൊഫൈൽ നിറം പച്ചയെങ്കിൽ മാത്രമേ എല്ലായിടങ്ങളിലും പ്രവേശനമുള്ളു.

നിയന്ത്രണ വ്യവസ്ഥകൾ ലംഘിച്ചാൽ പരമാവധി മൂന്നു വർഷം വരെ തടവും രണ്ട് ലക്ഷം റിയാലിൽ കുറയാത്ത പിഴയും അല്ലെങ്കിൽ രണ്ടിൽ ഏതെങ്കിലും ഒരു ശിക്ഷയോ അനുഭവിക്കേണ്ടി വരും. കോവിഡ് മുൻകരുതൽ വ്യവസ്ഥകൾ ലംഘിച്ച പതിനായിരത്തി ലധികം പേർ ഇതിനകം നിയമനടപടി നേരിട്ടു കഴിഞ്ഞു.