ദോഹ: അടുത്ത വർഷം ഖത്തറിൽ ശമ്പളത്തിൽ ശരാശരി അഞ്ചു ശതമാനം വർധന പ്രതീക്ഷിച്ചാൽ മതിയെന്ന് വിവിധ ഏജൻസികൾ നടത്തിയ സർവേ വെളിപ്പെടുത്തുന്നു. മുൻ വർഷങ്ങളിൽ ഇതിനെക്കാൾ കൂടുതൽ ശതമാനമാണ് ശമ്പള വർധനയുണ്ടായതെങ്കിലും എണ്ണ വിലയിൽ ഉണ്ടായ ഇടിവ് ജീവനക്കാരുടെ ശമ്പളത്തേയും ബാധിച്ചുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

2013-ൽ വാർഷിക ശമ്പള വർധന ആറു ശതമാനവും 2014-ൽ 5.5 ശതമാനവും 2015-ൽ 5.1 ശതമാനവും ആയിരുന്നെങ്കിൽ 2016-ൽ ഇത് അഞ്ചു ശതമാനത്തിൽ ഒതുങ്ങും. എണ്ണവില ഇടിവു മൂലം ജിസിസി രാഷ്ട്രങ്ങളിൽ ജിഡിപി ദുർബലമായതാണ് ശമ്പള വർധനയേയും സാരമായി ബാധിച്ചത്. സർക്കാരുകളുടെ സാമ്പത്തിക സ്ഥിതി ദുർബലമായതോടെ മിക്ക ജിസിസി രാഷ്ട്രങ്ങളും സാധനങ്ങൾക്ക് ഏർപ്പെടുത്തി വന്നിരുന്ന സബ്‌സിഡികൾ പിൻവലിക്കാനുള്ള തയ്യാറെടുപ്പിലാണ്.

സബ്‌സിഡികൾ കുറയ്ക്കുന്നതു കൂടാതെ ഏതാനും ചില നികുതികൾ കൂടി ഏർപ്പെടുത്താൻ ചില ജിസിസി രാഷ്ട്രങ്ങൾ ആലോചിക്കുന്നുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവപ്പെടുമ്പോഴും ജീവനക്കാർക്ക് അഞ്ചു ശതമാനം ശമ്പള വർധന ലഭിക്കുമെന്നത് ആശാവഹമായ കാര്യമാണെന്നും ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതു മാത്രമേ സാധ്യമാകുകയുള്ളൂവെന്നും ജിസിസി കോമ്പൻസേഷൻ സർവേ മാനേജർ റോബർട്ട് റിച്ചർ അഭിപ്രായപ്പെടുന്നു.