ദോഹ: അടുത്ത അധ്യയന വർഷം രാജ്യത്ത് പുതിയ ആറ് ഇന്ത്യൻ സ്‌കൂളുകൾ ആരംഭിക്കുമെന്നും അതോടെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സ്‌കൂൾ പ്രവേശന പ്രശ്‌നത്തിന് പരിഹാരമാകുമെന്നും റിപ്പോർട്ട്.കെ.ജി പ്രവേശത്തിന് മതിയായ സീറ്റുകളില്ലാത്തത് മൂലം പഠനം മുടങ്ങുമെന്ന ആശങ്കയ്ക്ക് ഇതോടെ പരിഹാരമായിരിക്കുകയാണ്.

ഖത്തറിൽ പത്തിലധികം ഇന്ത്യൻ സ്‌കൂളുകളാണ് ഉള്ളത്. എന്നാൽ ആവശ്യത്തിന് കുട്ടികൾക്ക് സീറ്റ് നൽകാനുള്ള സൗകര്യമില്ലാത്തതിനാൽ അഡ്‌മിഷൻ പ്രതിസന്ധി ഉണ്ടാകാറുണ്ട്.രണ്ട് പ്രമുഖ ഇന്ത്യൻ സ്‌കൂളുകൾക്ക് കെ.ജി ക്‌ളാസിലേക്ക് പ്രവേശനം നൽകാൻ അനുമതി ലഭിക്കാത്തതും ഒരു കാരണമാണ്. എം.ഇ.എസ് ഇന്ത്യൻ സ്‌കൂളിൽ കഴിഞ്ഞ കുറച്ച് വർഷമായി കെ.ജി ക്‌ളാസിലേക്ക് പ്രവേശനം നൽകാൻ കഴിയാത്ത അവസ്ഥയുണ്ട്. സുരക്ഷാ കാരണങ്ങളാൽ അധികൃതർ ഇവിടെ കെ.ജി ക്‌ളാസിലേക്ക് പ്രവേശനാനുമതി നൽകിയിട്ടില്ല. മറ്റൊരു പ്രമുഖ സ്‌കൂളായ ഐഡിയൽ ഇന്ത്യൻ സകൂളിലും കെ.ജി ക്‌ളാസിൽ പ്രവേശനത്തിന് അനുമതി നൽകിയിട്ടില്ല.

വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മാനദണ്ഡമനുസരിച്ച് ഒരു ക്‌ളാസിൽ 30 കുട്ടികൾക്കാണ് പ്രവേശനം നൽകുക. സ്‌കൂൾ കെട്ടിടത്തിന്റെയും മറ്റ് സൗകര്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇപ്പോഴുള്ള കുട്ടികളുടെ എണ്ണം കൂടുതലായതിനാലാണ് അധികൃതർ കെ.ജി ക്‌ളാസുകളിലേക്കുള്ള പ്രവേശനം ഈ രണ്ട് സ്‌കൂളുകളിലും വിലക്കിയിരിക്കുന്നത്. ഈ
സ്‌കൂളുകളിൽ കെ.ജി ക്‌ളാസുകളിൽ പ്രവേശനം ഇല്ലാത്തതാണ് രക്ഷിതാക്കളുടെ സീറ്റ് തേടിയുള്ള അലച്ചിലിന് കാരണം.

സ്‌കൂളുകളിൽ അഞ്ച് ഡിവിഷൻ ഉള്ള സ്‌കൂളുകൾക്ക് ആകെ 150 കുട്ടികൾക്ക് പ്രവേശനം നൽകാനെ നിയമമുള്ളൂ. എന്നാൽ അഞ്ഞൂറിന് പുറത്താണ് ഓരോ സ്‌കൂളിനും ലഭിച്ചിരിക്കുന്ന അപേക്ഷകളുടെ എണ്ണം. അതിനാൽ ഓൺലൈനിൽ അപേക്ഷ നൽകുന്നവർക്ക് ലഭിക്കുന്ന മറുപടി പ്രവേശനം പൂർത്തിയായി എന്നതാണ്.