ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്‌കൂൾ പ്രവേശം സംബന്ധിച്ച് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തുവിട്ടു. ശാരീരികവെല്ലുവിളികൾ നേരിടുന്ന പ്രവാസി വിദ്യാർത്ഥികൾക്കും ഖത്തറികൾക്കൊപ്പം ഗ്രേഡ് 1 ലേക്ക് പ്രവേശനം ഇക്കുറി പ്രവേശനം ഉറപ്പിക്കാം. എന്നാൽ ഖത്തരികളും വിദേശികളുമായി പ്രത്യേക വിദ്യാഭ്യാസ പരിചരണം ആവശ്യമുള്ള (എ.ഇ.എസ്.എൻ) വിഭാഗത്തിൽപ്പെടുന്ന കുട്ടികൾക്കുള്ള കിന്റർഗാർട്ടൻ രജിസ്‌ട്രേഷൻ ഖത്തരി കുട്ടികൾക്ക് മാത്രമായിരിക്കും.

സംസാരശേഷിയില്ലാത്തവർ, കേൾവിക്കുറവുള്ളവർ, പെരുമാറ്റ വൈകല്യമുള്ളവർ, ശാരീരിക വൈകല്യമുള്ളവർ (മാനസിക പ്രശ്‌നങ്ങളില്ലാത്ത) എന്നീ വിഭാഗത്തിൽപ്പെടുന്നവർക്ക് നേരിട്ട് ഇൻഡിപെൻഡന്റ് സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്.

കേൾവി പ്രശ്‌നങ്ങളുള്ള വിവിധ പ്രായക്കാരായ കുട്ടികൾ ഓഡിയോ എജുക്കേഷൻ കോംപ്‌ളക്‌സിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. കാഴ്ചയില്ലാത്ത കുട്ടികൾ അൽ നൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബൈ്‌ളൻഡിലും, റെിബ്രൽ പൾസി, ബുദ്ധിമാന്ദ്യം, ഓട്ടിസം തുടങ്ങിയ പ്രശ്‌നങ്ങളുള്ള കുട്ടികൾക്ക് റൗവ സെന്റർ ഫോർ അസസ്‌മെന്റ് വഴിയും അനുയോജ്യമായ സ്‌കൂളുകൾ കണ്ടത്തൊവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.

സ്വകാര്യ സ്‌കൂളുകൾ നിലവിലില്ലാത്ത ഭാഗങ്ങളിൽ ജോലി ചെയ്യുന്ന സ്വകാര്യ കമ്പനികളിലെ ജീവനക്കാരുടെ മക്കൾക്ക് സമീപത്തെ ഇൻഡിപെൻഡന്റ് സ്‌കൂളുകളിൽ പ്രവേശനം നൽകണമെന്നും മന്ത്രാലയം പ്രത്യേക സർക്കുലറിലൂടെ ഇൻഡിപെൻഡന്റ് സ്‌കൂളുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അൽ ശമാൽ, ദുഃഖാൻ, റൗദ റാഷിദ്, അൽ ശഹാനിയ, അൽ ഗുവൈരിയ, അൽ സുബാറ, അൽ ഖർസാഹ്, അൽ കാബാൻ, അൽ ഖഷാമിയ, അൽ ജമൈലിയ എന്നീ സ്ഥലങ്ങളിലെ സ്വകാര്യ കമ്പനികളിലെ ജോലിക്കാരുടെ മക്കളാണ് ഈ വിഭാഗത്തിൽപ്പെടുക. ഇവർ ഈ ഭാഗങ്ങളിലാണ് താമസിച്ചുവരുന്നതെന്ന് തെളിയിക്കുന്നതിനുള്ള രേഖകൾ അഡ്‌മിഷൻ സമയത്ത് ലഭ്യമാക്കിയിരിക്കണമെന്നും വ്യവസ്ഥയുണ്ട്.