ദോഹ: ഖത്തറിലെ സർക്കാർ സ്‌കൂളുകളിൽ കുട്ടികളെ ചേർക്കാനാഗ്രഹിക്കുന്ന പ്രവാസികൾക്ക് ഈ മാസം 23മുതൽ ജൂലൈ ആറുവരെ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബറിൽ തുടങ്ങുന്ന പുതിയ വിദ്യാലയവർഷത്തിലേക്കുള്ള അപേക്ഷയാണു ഞായർ മുതൽ സ്വീകരിക്കുന്നത്. സ്വകാര്യ സ്‌കൂളുകൾ ഇല്ലാത്ത ഖത്തറിന്റെ വടക്കൻ മേഖലയിലെ സ്വകാര്യ, അർധ സ്വകാര്യ സ്ഥാപനങ്ങളിൽ പണിയെടുക്കുന്ന വിദേശികളുടെ മക്കൾക്കു മാത്രമേ സർക്കാർ സ്‌കൂളിൽ പ്രവേശനം ലഭിക്കൂ.

പ്രവാസികളുടെ മക്കൾക്കായുള്ള സ്‌കൂൾ പ്രവേശനത്തിന് അേപക്ഷകൾ വിലയിരുത്തുന്നതിന് പ്രത്യേക കമ്മിറ്റി രൂപവത്ക്കരിച്ചിട്ടുണ്ട് .രക്ഷിതാക്കളുടെയും വിദ്യാർത്ഥിയുടേയും പാസ്പോർട്ട്, ഖത്തർ ഐ.ഡി. പകർപ്പ്, പ്രതിമാസ ശമ്പളത്തിന്റെ സാക്ഷ്യപത്രം, ബാങ്കിൽ നിന്നുള്ള അവസാന മൂന്ന് മാസത്തിലെ സ്റ്റേറ്റ്‌മെന്റ്, കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവെക്കാപ്പം തൊഴിലുടമയുടെ കത്തും വീട്ടു വാടക കരാറും സമർപ്പിക്കണം.താമസിക്കുന്ന മേഖലയിൽ സ്വകാര്യ സ്‌കൂളുകൾ ഇല്ലാത്ത പ്രവാസികളുടെ മക്കൾക്ക് സർക്കാർ സ്‌കൂൾ പ്രവേശനത്തിന് കഴിഞ്ഞ മെയ്‌ മുതൽ മന്ത്രാലയം അനുവാദം നൽകിയിട്ടുണ്ട്.

അൽ ശമാൽ, ദുഃഖാൻ, റൗദത്ത് റാഷിദ്, അൽ കിരാനാ, ഷെഹാനിയ, അൽ ഗുവെയ്‌രിയ, അൽ ജാമിലിയ തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന പ്രവാസി വിദ്യാർത്ഥികൾക്കാണ് പ്രവേശനത്തിന് അനുമതിയുള്ളത്. പ്രവേശനത്തിന് മന്ത്രാലയത്തിന്റെ 155 എന്ന ഹോട്ട്ലൈനിൽ ബന്ധപ്പെട്ട് വിശദാംശങ്ങൾ അറിയാം.