ദോഹ: ഖത്തർ നിവാസികളുടെ റമ്ദാൻ ഇക്കുറി കടുത്ത പരീക്ഷത്തിന്റേതാവും. കാരണം ഇക്കുറി ദീർഘമേറിയതും ചൂട് കൂടിയതുമായ വേനൽ കാത്തിരിക്കുന്നതായി കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്കുന്നു. എൽനിനോ എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ തിരിച്ചുവരവാണ് ഇതിനു കാരണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറയുന്നു.

എൽനിനോ പ്രതിഭാസം കിഴക്കൻ, തെക്കൻ ആഫ്രിക്ക, ഏഷ്യ, ഗൾഫ് മേഖലകളിൽ ചൂട് വർധിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.പസഫിക് സമുദ്രത്തിനു കുറുകെ വീശുന്ന വാണിജ്യ വാതത്തിൽ ഉണ്ടാവുന്ന മാറ്റം കടലിലെ താപനിലയിൽ ഉണ്ടാക്കുന്ന വ്യതിയാനമാണ് ആഗോളവ്യാപകമായി കാലാവസ്ഥയിൽ മാറ്റമുണ്ടാക്കുന്നത്. എൽനിനോ പ്രതിഭാസം തിരിച്ചുവരാൻ 80 ശതമാനം സാധ്യതയുണെ്ടന്ന് ഈയിടെ ആസ്‌ത്രേലിയൻ കാലാവസ്ഥാ വിഭാഗവും അറിയിച്ചിരുന്നു.

മൂന്നോ നാലോ വർഷം കഴിയുമ്പോഴാണ് എൽനിനോയുടെ തിരിച്ചു വരവുണ്ടാവുക. സാധാരണ ഗതിയിൽ 12 മാസം വരെയേ ഈ പ്രതിഭാസം നീളാറുള്ളുവെങ്കിലും ചിലപ്പോൾ വർഷങ്ങളോളം ദീർഘിക്കാറുമുണ്ട്.

ഈ വർഷം റമദാൻ ജൂൺ 18ന് ആരംഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്. ആ സമയത്ത് പ്രഭാതം 3.15നും അസ്തമയം 6.32നുമാണ്. റമദാനിലെ ആദ്യത്തെ 10 ദിവസങ്ങൾ പകൽ 15 മണിക്കൂറിലേറെ നീണ്ടുനിൽക്കുന്നതായിരിക്കും. കടുത്ത ചൂടും വേനലും ഈ വർഷം സപ്തംബർ വരെ തുടർന്നേക്കാം. 1997-98 ലും 2009-10ലും ഇത്തരത്തിൽ ചൂട് കൂടിയിരുന്നു.