ദോഹ: ഇനി ടാക്‌സി വിളിച്ചതിന് ശേഷമുള്ള കാത്തിരിപ്പ് ഒഴിവാക്കാം. ഖത്തറിൽ ഓടുന്ന മുഴുവൻ ടാക്‌സികൾക്കും ഒറ്റ ടോൾഫ്രീ നമ്പറും
ഏകീകൃത കോൾസെന്ററും ഒരുങ്ങുന്നു.  വേഗത്തിൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കിയാണ് ഏകീകൃത കോൾസെന്ററിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മുവാസലാത്തിന് കീഴിൽ പ്രവർത്തിക്കുന്ന കോൾസെന്ററിന് 8008294 എന്നതായിരിക്കും ടോൾഫ്രീ നമ്പർ.

പുതുതായി തുടങ്ങിയ ടാക്‌സി കമ്പനി മുവാസലാത്തിന്റെ ടോൾഫ്രീ നമ്പറാണ് ഉപയോഗപ്പെടുത്തുന്നതെങ്കിലും ബാക്കിയുള്ളവ നിലവിൽ സ്വന്തം നമ്പറുകളാണ് ഉപയോഗിക്കുന്നത്. പുതിയ നമ്പർ നിലവിൽ വന്നാലും ഒരു നിശ്ചിത കാലത്തേക്ക് സ്വകാര്യ കമ്പനികളുടെ സ്വതന്ത്ര നമ്പറും ഉപയോഗത്തിലുണ്ടാവും. എന്നാൽ, സമയപരിധി കഴിഞ്ഞാൽ മുഴുവൻ കമ്പനികളും ഒറ്റ നമ്പറിലേക്കു മാറും.

ടാക്‌സി തേടിയുള്ള അഭ്യർത്ഥന കോൾ സെന്ററിൽ ലഭിച്ചാൽ ജി.പി.എസ് ഉപയോഗിച്ച് ഉപഭോക്താവിന്റെ സ്ഥലത്തിന് ഏറ്റവുമടുത്തുള്ള ടാക്‌സി കണെ്ടത്തുകയും അവിടെയെത്താൻ നിർദ്ദേശം നൽകുകയും ചെയ്യും. ഏത് കമ്പനിയുടേതാണ് ടാക്‌സി എന്നത് പരിഗണനാ വിഷയമാവുകയില്ല. ടാക്‌സികളുടെ സഞ്ചാരവും ഡ്രൈവർമാരുടെ പ്രകടനവും നിരീക്ഷിക്കാനുള്ള സംവിധാനവും കോൾ സെന്ററിലുണ്ടാവും. എല്ലാ കമ്പനികളെയും ഈ കോൾ സെന്ററുമായി ബന്ധിപ്പിക്കുകയും തങ്ങളുടെ വാഹനങ്ങളെ സ്വതന്ത്രമായി നിരീക്ഷിക്കാനുള്ള സംവിധാനം ഏർപ്പെടുത്തുകയും ചെയ്യും. ഡ്രവർമാർ തിരിമറി നടത്തുന്നത് ഒഴിവാക്കാൻ ആധുനിക സംവിധാനമുള്ള മീറ്ററുകൾ ടാക്‌സികളിൽ ഘടിപ്പിച്ചു തുടങ്ങിയതായും ഉദ്യോഗസ്ഥൻ അറിയിച്ചു.