ഖത്തറിൽ ഗതാഗത നിയമ ലംഘകർക്ക് നല്കിയ താത്കാലികമായി പിഴ ഇളവ് ഏപ്രിൽ ഏഴ് വരെ മാത്രമേ ലിക്കൂവെന്ന് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി എട്ട് മുതൽ ഏപ്രിൽ ഏഴ് വരെ പിഴയടക്കുന്നവർക്ക് 50 ശതമാനം ഇളവ് ലഭിക്കുമെന്ന് മന്ത്രാലയം മുമ്പേ വ്യക്തമാക്കിയിരുന്നു. 2015 ഡിസംബർ 31 വരെ വിധിക്കപ്പെട്ട പിഴക്കാണ് ഇളവ് നൽകുന്നത്. റഡാറിൽ ഉൾപെട്ടതടക്കം എല്ലാ തരം കുറ്റകൃത്യങ്ങൾക്കും പിഴയിളവ് ബാധകമാണ്.

ഗതാഗത നിയമലംഘനങ്ങൾക്ക് വിധിച്ച പിഴ അടച്ചുതീർക്കാൻ പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി പെട്ടന്ന് പിഴ അടച്ചു തീർക്കുന്നവർക്ക് പകുതി പണം അടച്ചാൽ മതിയെന്ന ആനുകൂല്യമാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചത്. മന്ത്രാലയത്തിന്റെ വെബ് പോർട്ടൽ, മെട്രാഷ് 2, മൊബൈൽ ആപ്, സെൽഫ് സർവീസ് കയോസ്‌ക് എന്നിവ വഴിയും ട്രാഫിക് സർവീസ് കൗണ്ടറുകളിൽ നേരിട്ട് പണമടച്ചും പുതിയ പ്രഖ്യാപനത്തിന്റെ ആനുകൂല്യം നേടിയെടുക്കാൻ അവസരമുണ്ട്.

തെറ്റായ രീതിയിൽ വാഹനം മറികടന്നാലും പ്രത്യേക പരിഗണന അർഹിക്കുന്നവർക്കായി നീക്കി വച്ച സ്ഥലത്ത് വാഹനം നിർത്തിയിട്ടാലും ആയിരം റിയാൽ പിഴ ചുമത്തുന്നതാണ് പുതിയ നിയമം. നേരത്തേ 500 റിയാലായിരുന്നു. 2015 ആഗസ്തിലാണ് അമീർ ശൈഖ് തമീം ബിൻ ഹമദ് അല്താനി നിയമത്തിൽ ഒപ്പുവച്ചത്. കുറ്റം ആവർത്തിക്കുന്ന ഡ്രൈവർമാർക്ക് തടവ് നല്കാൻ വരെ പുതിയ നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട

അമിത വേഗത്തിന് പിടിയിലാകുമ്പോൾ വേഗം പരിഗണിച്ചായിരിക്കും ശിക്ഷ തീരുമാനിക്കുക. അതിനനുസരിച്ച് പോയിന്റും കുറയ്ക്കും. മണിക്കൂറിൽ 30 കിലോമീറ്റർ വേഗപരിധി നിശ്ചയിച്ച റോഡിൽ അത് ലംഘിച്ചാൽ ഒരു പോയിന്റ് കുറക്കും. നാല്പതിന്റെ പരിധി ലംഘിച്ചാൽ രണ്ടും അമ്പതിന്റെതിന് മൂന്നും പോയിന്റാണ് കുറക്കുക. അറുപതിന് നാലു പോയിന്റും കുറയ്ക്കും.