ദോഹ: കണക്ഷൻ ഫ്ളൈറ്റ് മിസായത് മൂലമോ മറ്റ് തടസ്സങ്ങൾ മൂലമോ ഇനി ഹമദ് വിമാനത്താവ ളത്തിൽ മണിക്കൂറുകൾ പെട്ടുപോയാൽ ഇനി വിഷമിക്കേണ്ട. നിങ്ങൾ രാജ്യം ചുറ്റിക്കാണാൻ അസുലഭ അവസരമാണ് കൈവന്നിരിക്കുന്നത്.ഹമദ് രാജ്യാന്തര വിമാനത്താവളം അഞ്ച് മണിക്കൂറിൽ കൂടുതൽ ഉപയോഗിക്കുന്നവർക്കാണ് നാല് ദിവസം സൗജന്യമായി രാജ്യത്ത് തങ്ങാൻ അനുമതി കൊടുക്കുന്നത്. ഇവർക്ക് രാജ്യത്ത് പ്രവേശിക്കുന്നതിനായി മുൻകൂർ അപേക്ഷ നൽകുകയോ ഫീസ് അടയ്ക്കുകയോ വേണ്ട

നേരത്തെ ഇത് എട്ട് മണിക്കൂർ വിമാനത്താവളത്തിൽ തങ്ങേണ്ടി വരുന്ന യാത്രക്കാർക്കായി പരിമിതപ്പെടുത്തിയിരുന്നു. രണ്ട് ദിവസം മാത്രമേ ഇങ്ങനെ രാജ്യത്ത് സഞ്ചരിക്കാൻ അനുവാദവും ഉണ്ടായിരുന്നുള്ളൂ. എല്ലാ രാജ്യത്ത് നിന്നുള്ളവർക്കും ഇത്തരം വീസകൾ വിമാനത്താവളത്തിൽ നിന്ന് തന്നെ ലഭ്യമാകും. ആഭ്യന്തരമന്ത്രാലയത്തിന്റെ വിവേചനാധികാരമുപയോഗിച്ചാകും ഇവ നൽകുക.

ഡെസേർട്ട് സഫാരികളും സിറ്റി ടൂറും സാംസ്‌കാരിക ഗ്രാമസന്ദർശനവും അടക്കം നിരവധി സ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരവും ഇതിലൂടെ ഖത്തറിൽ സഞ്ചാരികൾക്ക് ലഭ്യമാകും.ട്രാൻസിറ്റ് വിസയ്ക്കായി ഖത്തർ പണം ഈടാക്കുന്നില്ല.