ദോഹ: ഖത്തറിനെതിരേ സൗദിയുടെ നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധം രണ്ട് മാസം പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ പ്രതിസന്ധിയിലായത് രാജ്യത്തെ വിനോദ സഞ്ചാര മേഖല മാത്രമായിരുന്നു. വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ ഏറ്റവും കൂടുതൽ പ്രയാസത്തിലായത് ഖത്തറിലെ പേരുകേട്ട ആഡംബര ഹോട്ടലുകളാണ്. ഇതിന് അപ്പുറം ഒന്നും സംഭവിച്ചില്ല. വിലക്ക് വരുമ്പോൾ ഖത്തറിന് ആഹാരം പോലും കിട്ടില്ലെന്നായിരുന്നു സൗദിയും കൂട്ടരും വീമ്പു പറഞ്ഞത്. പാലു പോലും ഇല്ലാതെ ബുദ്ധിമുട്ടുമെന്നും ഇവർ വിശദീകരിച്ചു. പക്ഷേ ഒന്നും നടന്നില്ല. ഇതിനിടെ ഏവരേയും ഞെട്ടിക്കുന്ന തീരുമാനത്തിലൂടെ ഖത്തർ ടൂറിസത്തിലെ പ്രതിസന്ധിയേയും മറികടക്കുകയാണ്. ഇന്ത്യയട്ക്കമുള്ള പല രാജ്യങ്ങളും ഓൺ അറൈവൽ വിസ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇതിന് ഫീസുണ്ട്. ഖത്തറിൽ ഇതെത്തുമ്പോൾ സൗജന്യമാണ്. ഇതാണ് ഏറ്റവും വലിയ പ്രത്യേകത

അതുകൊണ്ട് തന്നെ ഇനി ഖത്തർ സന്ദർശിക്കാൻ വിസ വേണ്ട. നേരെ വിമാനം കയറാം. അവിടെയെത്തിയാൽ സ്റ്റാമ്പ് ചെയ്യുന്നതിന് പ്രത്യേക ഫീസും ഇല്ല. ഇന്ത്യ ഉൾപ്പെടെ എൺപത് രാജ്യക്കാർക്ക് ഈ സൗജന്യം ലഭ്യമാകുമെന്ന് ഖത്തർ ടൂറിസം അഥോറിറ്റി അധികൃതർ അറിയിച്ചു. അമേരിക്ക, യു.കെ, ദക്ഷിണാഫ്രിക്ക, സെയ്‌ഷെൽസ്, ഓസ്‌ട്രേലിയ, ന്യൂസിലാണ്ട് തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടും. ആറ് മാസത്തെ കാലാവധിയുള്ള പാസ്‌പോർട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറിൽ പ്രവേശിക്കാൻ ഇനി ആവശ്യം. യാത്രക്കാരന്റെ പൗരത്വം നോക്കിയായിരിക്കും താമസിക്കാനുള്ള അനുമതി നൽകുന്നത്. 30 ദിവസം മുതൽ 180 ദിവസം വരെയുള്ള പലതരത്തിലുള്ളതായിരിക്കും താമസാനുമതി. ചിലതിൽ മൾട്ടിപ്പിൾ എൻട്രിയും അനുവദിക്കും. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാജ്യങ്ങൾ ഖത്തറിനെതിരായി ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് രാജ്യം എല്ലാവർക്കുമായി തുറന്നുകൊടുക്കാനുള്ള തീരുമാനം എന്നാണ് നിഗമനം.

ഇതോടെ ആളുകൾ കൂടതലായി ഖത്തറിലേക്ക് എത്തും. ടൂറിസം വിസ അനുസരിച്ചാണെങ്കിലും ജോലി തേടി എത്തുന്നവരും ഖത്തറിലേക്ക് കൂടുതലായി എത്തും. ലോകകപ്പ് ഫുട്‌ബോളിന്റെ ഒരുക്കത്തിലാണ് ഖത്തർ. അതുകൊണ്ട് തന്നെ നിരവധി തൊഴിൽ അവസരങ്ങൾ അവിടെയുണ്ട്. ആർക്കും ഖത്തറിലെത്തി ജോലി കണ്ടെത്താനുള്ള അവസരമാണ് സൗജന്യ വിസാ സേവനം ഒരുക്കുന്നത്. വിമാനടിക്കറ്റും വഴിച്ചെലവും ഉണ്ടെങ്കിൽ ഖത്തറിലെത്തി ജോലി കണ്ടെത്താം. അതുകൊണ്ട് തന്നെ മലയാളികൾ അടക്കമുള്ള പ്രവാസികൾ ഖത്തറിലേക്ക് തൊഴിൽ അന്വേഷകരായി എത്തും. ഇങ്ങനെ ആളുകൾ കൂടുതലായെത്തുമ്പോൾ ഖത്തറിന്റെ സാമ്പത്തിക രംഗത്ത് പുതിയ ഉണർവുണ്ടാകും. ടൂറിസവും കരുത്താർജ്ജിക്കും. പക്ഷേ ഇങ്ങനെ ഒഴുകിയെത്തുന്നവരെ എല്ലാം ഉൾക്കൊള്ളാനാകുമോ എന്ന സംശയവും ഖത്തർ അധികാരികൾക്കിടയിൽ സജീവമാണ്. അതുകൊണ്ട് തന്നെ രാജ്യത്ത് എത്തുന്നവരെ നിയന്ത്രിക്കാൻ വേണ്ടത് ചെയ്യുമെന്ന സൂചനയും ഉണ്ട്.

സന്ദർശകന്റെ പൗരത്വം അനുസരിച്ച് ഒന്നുകിൽ 180 അല്ലെങ്കിൽ 90 ദിവസം രാജ്യത്ത് ചെലവഴിക്കാൻ അനുമതി നൽകുന്നതാണ് പുതിയ പ്രഖ്യാപനം. അല്ലെങ്കിൽ മുപ്പത് ദിവസത്തേക്കാകും അനുമതി. അധിക മുപ്പത് ദിവസത്തേക്ക് കൂടി രാജ്യത്ത് ചെലവഴിക്കാനുള്ള അനുമതി നീട്ടാനുള്ള സാധ്യതയും ഉണ്ടാകും. രാജ്യത്തെ ഹോട്ടൽ, സാംസ്‌കാരിക പൈതൃകം, പ്രകൃതിസമ്പത്ത് എന്നിവ ആസ്വദിക്കാനായി സന്ദർശകരെ ആകർഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് ഖത്തർ ടൂറിസം അഥോറിറ്റി ചെയർമാൻ ഹസ്സൻ അൽ ഇബ്രാഹിം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ് രാജ്യത്തേക്കുള്ള പ്രവേശനം അനുവദിക്കുന്നത്. ഇക്കഴിഞ്ഞ നവംബറിലാണ് ട്രാൻസിറ്റ് യാത്രക്കാർക്കായി സൗജന്യ വിസ അനുവദിച്ചത്. കുറഞ്ഞത് അഞ്ച് മണിക്കൂർ വിമാനത്താവളത്തിൽ കഴിയേണ്ടി വരുന്നവർക്ക് 96 മണിക്കൂറിലേക്കുള്ള സൗജന്യ വിസയാണ് അനുവദിച്ചത്.

ഖത്തറിലെ ടൂറിസം തളർന്നത് ഹോട്ടലുകളെ ബാധിച്ചിരുന്നു. ഇവിടെ താമസിക്കാൻ ആളില്ലാതായത് കാരണം ആയിരക്കണക്കിന് ഹോട്ടൽ ജീവനക്കാരാണ് പ്രതിസന്ധിയിലായത്. പലർക്കും നീണ്ട അവധികൾ നൽകി. പുതിയ തീരുമാനത്തോടെ വീണ്ടും ഹോട്ടൽ രംഗം സജീവമാകും. ലോകത്തിന് മുമ്പിൽ രാജ്യത്തിന്റെ തുറന്ന സമീപനവും ആതിഥ്യമര്യാദയും പ്രതിഫലിപ്പിക്കുന്ന സുപ്രധാനമായ നടപടിയിലൂടെ 80 രാജ്യങ്ങളുമായി സമസ്ത മേഖലകളിലും ബന്ധം കൂടുതൽ ദൃഡമാകും. വ്യാപാര, വാണിജ്യ, സാമ്പത്തിക ഇടപാടുകളും ശക്തമാകും. അങ്ങനെ സൗദിക്കും കൂട്ടർക്കും പണികൊടുക്കാനാണ് ഖത്തറിന്റെ നീക്കം. രാജ്യത്തിന്റെ ടൂറിസം മേഖലയിലെ സുപ്രധാനമായ നടപടിയിലൂടെ ഖത്തർ ദേശീയ ദർശനരേഖ 2030 എന്ന ലക്ഷ്യത്തിലേക്കാണ് പ്രവേശിക്കുന്നത്.

സന്ദർശകരുടെ ഗുണം, ചെലവഴിക്കുന്നതിലെ കഴിവ്, സുരക്ഷാ പരിഗണനകൾ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് 80 രാജ്യങ്ങളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. മേഖലാവിപണിയിൽനിന്ന് ആഗോള വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ പ്രതിഫലനമാണിത്. ടൂറിസം അഥോറിറ്റിയുടേയും ഖത്തർ എയർവേയ്സിന്റെയും പങ്കാളികളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിസ നയങ്ങൾ ഫലപ്രദമായി നടപ്പാക്കുമെന്ന് പാസ്പോർട്ട്, എക്സ്?പാട്രിയേറ്റ്സ് വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അൽ അതീഖ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ കണക്കിലെടുത്ത് വളരെ ശ്രദ്ധാപൂർവമാണ് രാജ്യങ്ങൾ തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ രാജ്യങ്ങളിൽനിന്ന് കൂടുതൽ സന്ദർശകർക്ക് രാജ്യത്തെത്താൻ കഴിയുമെന്ന് ഖത്തർ എയർവേയ്സ് സിഇഒ. അക്‌ബർ അൽബേക്കറും അഭിപ്രായപ്പെട്ടു.

ജിസിസി(ബഹ്റയ്ൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യ, യുഎഇ) രാജ്യങ്ങൾ, യുകെ, യുഎസ്എ, കാനഡ, ആസ്ത്രേലിയ, ന്യൂസിലന്റ്, ഷെൻഗൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ റസിഡൻസ് പെർമിറ്റ് അല്ലെങ്കിൽ സാധുവായ വിസ ഉള്ളവർക്കും ഖത്തർ സന്ദർശിക്കുന്നതിന് വിസ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ട്. 80 രാജ്യങ്ങളിലെ പൗരന്മാർക്ക് ഖത്തറിൽ വിസ ഒഴിവാക്കുന്നതിന് പുറമേയാണിത്. യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് ഓൺലൈനിൽ അപേക്ഷ നൽകിയാൽ ഇവർക്ക് ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ ലഭിക്കും. ഇതോടെ മേഖലയിൽ തന്നെ ഏറ്റവും കൂടുതൽ രാജ്യക്കാർക്കു വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യമായി ഖത്തർ മാറിയെന്ന് ഖത്തർ എയർവെയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്‌ബർ അൽബാക്കിർ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളെ രാജ്യത്തെത്തിക്കുന്ന ഖത്തർ എയർവെയ്സിന് ഇതിലൂടെ കൂടുതൽ അവസരങ്ങൾ ഒരുങ്ങുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ ടൂറിസം മേഖലാ നയത്തിൽ സുപ്രധാനമാണ് പുതിയ വിസാ നിയമമെന്ന് ഖത്തർ ടൂറിസം അഥോറിറ്റി ചീഫ് ടൂറിസം ഡവലപ്മെന്റ് ഓഫിസർ ഹസൻ അൽഇബ്്റാഹിം പറഞ്ഞു. ലോക ടൂറിസം ദിനത്തിന് ഖത്തർ ആതിഥ്യമരുളുന്ന സപ്തംബർ 27ന് രാജ്യത്തെ ടൂറിസത്തിന് ഊർജം പകരുന്ന പുതിയ നയപ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.