ദോഹ: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേതനസുരക്ഷാ സമ്പ്രദായം ഇന്ന് മുതൽ പ്രാബല്യത്തിൽ വരുകയാണ്. ഇതോടൈഖത്തറിലെ സ്വകാര്യ സ്ഥാപനങ്ങളിലേതുൾപ്പെടെ മുഴുവൻ തൊഴിലാളികൾക്കും ഇന്ന് മുതൽ ശമ്പളം എ.ടി.എം.വഴി നൽകും.

തൊഴിൽനിയമ ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ശമ്പളം എ.ടി.എം.കാർഡ് വഴി നൽകാൻ തീരുമാനിച്ചത്. എല്ലാമാസവും ഏഴാം തീയതിക്കുമുമ്പ് ശമ്പളം ബാങ്കിലേക്ക് കൈമാറണമെന്നാണ് നിയമം.വീഴ്ചവരുത്തുന്ന സ്ഥാപനങ്ങൾക്ക് പുതിയ തൊഴിൽ പെർമിറ്റ് അനുവദിക്കില്ല. തൊഴിൽ മന്ത്രാലയവുമായി ബന്ധപ്പെട്ടുള്ള അവരുടെ എല്ലാ ഇടപാടുകളും നിർത്തിവെക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

രാജ്യത്ത് അരലക്ഷം കമ്പനികളാണ് പുതിയ സമ്പ്രദായം നടപ്പാക്കേണ്ടത്. ഇത് കുറ്റമറ്റനിലയിൽ നടപ്പാക്കുന്നതിനുള്ള നിരീക്ഷണം ശക്തമാക്കാൻ പ്രത്യേക വകുപ്പുതന്നെ തയ്യാറാക്കി പരിശോധകരെയും നിയമിച്ചിട്ടുണ്ട്.പുതിയ നിയമം നടപ്പാക്കുന്നതിന് തൊഴിൽമന്ത്രാലയം ആറുമാസത്തിലേറെ അനുവദിച്ചിരുന്നു. നവംബർ രണ്ടിനുതന്നെ നിയമം പ്രാബല്യത്തിൽ വരുമെന്ന് തൊഴിൽ സാമൂഹികകാര്യ മന്ത്രി അബ്ദുല്ല സലേ മുബാരക് അൽ ഖുലൈഫി അടുത്തിടെ വ്യക്തമാക്കിയിരുന്നു.