കോഴിക്കോട്: 2022ലെ ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഭാഗമായി വിവിധ രാജ്യങ്ങളിൽ നടക്കുന്ന ജനറേഷൻ അമേസിംഗിന്റെ മാസ്റ്റർ കോച്ച് ഹമദ് അബ്ദുൽ അസീസ് കേരളത്തിലെത്തുന്നു. ഡിസംബർ 28, 29 തിയതികളിലായി കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ജനറേഷൻ അമേസിങ് (ജി.എ) പരിപാടികളിൽ സംബന്ധിക്കാനും കേരളത്തിലെ ജി.എ കോച്ചുമാർക്ക് പരിശീലനം നൽകാനുമാണ് ഹമദ് കേരളത്തിലെത്തുന്നത്. ഇന്ത്യയിലെ ജി.എ വർകേഴ്സ് അംബാസിഡർ സാദിഖ് റഹ്മാൻ സി.പിയും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഡിസംബർ 28 ന് മലപ്പുറം-തെരട്ടമ്മലിൽ നടക്കുന്ന ജനറേഷൻ അമേസിങ് അഖില കേരള കോച്ചുമാർക്കുള്ള പരിശീലന ക്യാമ്പ് ഹമദ് ഉദ്ഘാടനം ചെയ്യും. ഡിസംബർ 29 ന് തൃശ്ശൂർ ജില്ലയിലെ ചാവക്കാട് ആരംഭിക്കുന്ന ഫുട്ബോൾ കോച്ചിങ് സെന്റെറിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ തുടർച്ചയെന്നോളം ജനറേഷൻ അമേസിംഗിന്റെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളുടെ സഹകരണത്താൽ നിർമ്മിക്കുന്ന പത്ത് വീടുകളിൽ അദ്ദേഹം സന്ദർശനം നടത്തും.

ഭിന്നശേഷിക്കാർക്കായി ലൗഷോർ സ്പെഷ്യൽ സ്‌കൂളിൽ നടക്കുന്ന ജി.എ കോച്ചിങ് സെന്റെറും, ഗോതമ്പറോഡ് തണൽ ജി.എ ക്ലബ്ബും, നെല്ലിക്കാപറമ്പ് ഗ്രീൻ വാലി സ്‌കൂളും, വെറ്റിലപ്പാറ ഗവൺമെന്റ് ഹൈസ്‌കൂൾ എന്നിവയും അദ്ദേഹം സന്ദർശനം നടത്തും. വിവിധ സ്ഥലങ്ങളിൽ ജി.എ ക്ലബ്ബുകളുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്. വിദ്യാർത്ഥി യുവജനങ്ങളുമായും മാധ്യമ പ്രവർത്തകരുമായും ആശയവിനിമയം നടത്തി 29 ന് ശനിയാഴ്ച ഹമദ് ഖത്തറിലേക്ക് തിരിക്കും