ദോഹ: ഫിഫ ലോകകപ്പിനായി ഖത്തർ തയ്യാറായിരിക്കുകയാണ്. ലോകകപ്പിനായി ഖത്തറിലെത്തുമ്പോൾ രാജ്യം ഒരുക്കിയിരിക്കുന്ന കൗതുക കാഴ്ചകൾ കൂടി കാണാനുള്ള ആകാംഷയിലാണ് ഫുട്ബോൾ ആരാധകർ. ഫാൻ സോണുകളിലെ വിനോദ പരിപാടികൾക്ക് പുറമെ പരമ്പരാഗത പായ്ക്കപ്പൽ പ്രദർശനം മുതൽ ചലച്ചിത്ര മേള വരെ നിരവധി കാഴ്ചകളാണ് ഖത്തർ ഒരുക്കുന്നത്.

ഖത്തറിന്റെ സാംസ്‌കാരിക ഗ്രാമമായ കത്താറ കൾചറൽ വില്ലേജിൽ കത്താറ രാജ്യാന്തര പായ്ക്കപ്പൽ മേള, കത്താറ ആർട്ട് ഫെസ്റ്റിവൽ, അൽ തുറായ പ്ലാനിറേറ്റിയം ഷോകൾ, സ്ട്രീറ്റ് ചൈൽഡ് ലോകകപ്പ് എന്നിവയക്കമുള്ള പ്രദർശനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 10-ാമത് അജ്യാൽ ചലച്ചിത്രമേളയും ആസ്വദിക്കാം.

ഇതിന് പുറമെ സാഹസിക റൈഡുകൾ ഇഷ്ടപ്പെടുന്നവർക്ക് ലുസെയ്ൽ വിന്റർ വണ്ടർലാൻഡിലെത്താം. നവംബർ 10ന് ലുസെയ്ൽ വിന്റർ വണ്ടർലാൻഡ് പ്രവർത്തനം തുടങ്ങും. ഇതിൽ 50 റൈഡുകളാണുള്ളത്. ദോഹ കോർണിഷിൽ കാർണിവൽ, അൽ ബിദ പാർക്കിൽ ഫിഫ ഫാൻ ഫെസ്റ്റിവൽ, ലാസ്റ്റ് മൈൽ കൾചറൽ ആക്ടിവേഷൻ, സംഗീത പരിപാടികൾ, സ്ട്രീറ്റ് പെർഫോർമൻസുകൾ, വാഹന പരേഡുകൾ എന്നിവയും ഫിഫ ലോകകപ്പ് ആരാധകർക്കായി ഖത്തറിൽ ഒരുക്കിയിട്ടുണ്ട്.