ദോഹ: 2022 ഫുട്‌ബോൾ ലോകകപ്പുമായി ബന്ധപ്പെട്ട് യാതൊരു പ്രതിസന്ധിയും നിലനിൽക്കുന്നില്ലെന്ന് ഖത്തർ പറയുന്നു. സ്റ്റേഡിയങ്ങളുടെ നിർമ്മാണങ്ങൾ യഥാസമയം പൂർത്തിയാക്കും. ലോകകപ്പിനു മുന്നോടിയായി എട്ട് സ്റ്റേഡിയങ്ങളാണ് ഖത്തർ നിർമ്മിക്കുന്നത്.2020 ൽ സ്റ്റേഡിയങ്ങളുടെ നിർമ്മാണങ്ങൾ പൂർത്തിയാക്കാനാണ് പദ്ധതി. അത് അതിവേഗം മുന്നോട്ട് പോകുന്നു. പക്ഷേ ഇതിനിടെയിലും 2022ലെ ലോകകപ്പിലെ വേദി ഖത്തറാണോ എന്ന് ഉറപ്പിക്കാനാകുന്നില്ല.

ഗൾഫിൽ ഖത്തർ ഒറ്റപ്പെടൽ അനുഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ ലോകകപ്പ് ഖത്തറിൽ നിന്ന് മാറ്റാൻ സമ്മർദ്ദവും ഏറെയാണ്. ഇതിന് ഫിഫ വഴങ്ങുമെന്നാണ് സൂചന. അഴിമതിയും കെടുകാര്യസ്ഥതയും ചുണ്ടിക്കാട്ടി ഖത്തറിൽ നിന്നും ലോകകപ്പ് മാറ്റിക്കാനാണ് നീക്കം. ഈ സാഹചര്യത്തിൽ ഖത്തറിൽ നിന്ന് ലോകകപ്പ് മാറ്റുമെന്നാണ് അനൗദോഗിക റിപ്പോർട്ട്. താമസിയാതെ തന്നെ പകരം വേദി കണ്ടെത്തുമെന്നാണ് സൂചന. ജനീവ: സൗദി അറേബ്യയും സഖ്യരാജ്യങ്ങളും എത്ര ശ്രമിച്ചിട്ടും ഖത്തറിനെ വരുതിയിലാക്കാൻ സാധിച്ചിട്ടില്ല. ഖത്തർ അതിവേഗം കരുക്കൾ നീക്കുകയും വിദേശരാജ്യങ്ങളുമായി സഹകരണം ശക്തമാക്കുകയും ചെയ്താണ് ഭീഷണിയെ നേരിട്ടത്. എന്നാൽ ഖത്തറിന് കനത്ത പ്രഹരം നൽകാനാണ് ലോകകപ്പിൽ നടക്കുന്ന ഇടപെടൽ.

യൂറോപ്പ് കേന്ദ്രമായി ഖത്തറിനെതിരേ നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണിപ്പോൾ. ഖത്തറിൽ 2022ൽ നടക്കാൻ പോകുന്ന ഫുട്ബോൾ ലോകകപ്പ് മൽസരം വഴിതിരിച്ചുവിടാനാണ് ശ്രമം. ഇതിനെ ഫിഫയ്ക്ക് അനുകൂലിക്കേണ്ടി വരുമെന്നാണ് സൂചന. നിർമ്മാണങ്ങൾ യഥാസമയം നടന്നു തീരില്ലെന്ന സംശയം ഉന്നയിച്ചാണ് ഇത്. സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്‌റിൻ തുടങ്ങിയ രാജ്യങ്ങൾ ഖത്തറിലേക്കുള്ള വ്യോമ, ജലഗതാഗതങ്ങൾ റദ്ദാക്കിയ സാഹചര്യത്തിൽ സ്റ്റേഡിയങ്ങളുടെ നിർമ്മാണത്തിനാവശ്യമായ വസ്തുകൾ കൊണ്ടുവരുന്നതിന് തടസ്സമുണ്ട്. ഇതു മൂലം ലോകകപ്പ് തടസ്സപ്പെടാതിരിക്കാനുള്ള നീക്കമെന്നാണ് ഫിഫ നൽകുന്ന സൂചന. എന്നാൽ സൗദിക്ക് വേണ്ടിയാണിതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ലോകകപ്പ് 2022 ഗുണപരമായ മാറ്റത്തിനുള്ള അവസരം. അറബ് ലോകത്തിന്റെയും മധ്യപൂർവ മേഖലയുടെയും സത്യവും സമാധാനവും നിറഞ്ഞ സ്വഭാവം ലോകത്തിനുമുമ്പിൽ ഉയർത്തിക്കാട്ടാനുള്ള അവസരമാണ് 2022-ലെ ഫിഫ ലോകകപ്പ് ഫുട്‌ബോൾ ടൂർണമെന്റെന്ന് ഖത്തർ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനി പറഞ്ഞിരുന്നു. 2022 ഫിഫ ലോകകപ്പിന്റെ സംഘാടനം പുതുമ, ഗുണപരമായ മാറ്റം, സുസ്ഥിരവികസനം എന്നിവയ്ക്കുള്ള അവസരമാണ് രാജ്യത്തിന് നൽകിയത്. നിലവിൽ ലോകകപ്പിനായി എട്ട് സ്റ്റേഡിയം, 64 പരിശീലനഗ്രൗണ്ടുകൾ, കാണികൾക്കായി അഞ്ച് സോണുകൾ, താമസസൗകര്യം, കൂടാതെ റോഡ്, റെയിൽവേ, വിമാനത്താവളം തുടങ്ങിയ അടിസ്ഥാനസൗകര്യ വികസനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി വിശദീകരിച്ചിരുന്നു. ഇതൊന്നും മുഖവിലയ്‌ക്കെടുക്കാതെയാണ് പുതിയ നീക്കങ്ങൾ.

ലോകകപ്പ് ഖത്തറിൽ തന്നെ നടക്കുമെന്നും ഗൾഫ് രാജ്യങ്ങൾക്കിടയിൽ നയതന്ത്ര പ്രശ്നം മാത്രമാണ് നിലനിൽക്കുന്നതെന്നും ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫെന്റിനോ നേരത്തെ അറിയിച്ചിരുന്നു. ലോകകപ്പ് ഖത്തറിൽ നിന്നും മാറ്റുന്നത് സംബന്ധിച്ച് യാതൊരു ചർച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോളിനെ ഏറെ സ്നേഹിക്കുന്ന നാടാണ് ഖത്തറെന്നും ഫുട്ബാളിന്റ്റെ അന്തസിനു നിരക്കാത്ത ഒരു പ്രവർത്തനവും ഖത്തറിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ജിയാനി ഇൻഫെന്റിനോ ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതോടെ വീണ്ടും നിർമ്മാണ പ്രവർത്തനങ്ങൾ സജീവമായി. ഇത് അട്ടിമറിക്കാനാണ് പുതിയ നീക്കം.