ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സിഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിക്കുന്ന ദോഹ റമദാൻ മീറ്റ് ഇന്ന് അൽ അറബി സ്പോർട്സ് ക്ലബിൽ നടക്കും.

സമൂഹത്തിൽ വിദ്വേഷവും വെറുപ്പും പടർന്നുകൊണ്ടിരിക്കുന്ന കാലത്ത്, പരസ്പര സ്നേഹത്തിന്റെയും സൗഹാർദ്ദത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം പ്രവാസി സമൂഹത്തിൽ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിക്കുന്ന ഇന്ത്യൻ പ്രവാസികളുടെ ഖത്തറിലെ ഏറ്റവും വലിയ സംഗമത്തിനാണ് അൽ അറബി സ്പോർട്സ് ക്ലബ് വേദിയാകുന്നത്.

ഡി.ഐ.സിഐ.ഡി മേധാവി ഡോ. മുഹമ്മദ് അൽ ഗാമിദി ഉദ്ഘാടനം ചെയ്യുന്ന സംഗമത്തിൽ ഖത്തർ ചാരിറ്റി ലോക്കൽ പ്രൊജക്ട്സ് ഡിപ്പാർട്ട്മെന്റ് തലവൻ ഫരീദ് ഖലീൽ അൽ സിദ്ദീഖി മുഖ്യ പ്രഭാഷണം നടത്തും. ക്രിസ്റ്റ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജ്യൻ ആൻഡ് സൊസൈറ്റി മേധാവി റവ. ഡോ. വൈ.ടി വിനയരാജ്,ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രതിനിധി സഭാംഗം ഡോ. നഹാസ് മാള,സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി പ്രസിഡന്റ് ഖാസിം ടി.കെ എന്നിവർ മുഖ്യാതിഥികളായിരിക്കും. യൂത്ത് ഫോറം ഖത്തർ പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ സംഗമത്തിന് അധ്യക്ഷത വഹിക്കും.

ഇഫ്താർ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി രണ്ടായിരത്തോളം മലയാളി യുവാക്കൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
ദോഹ റമദാൻ മീറ്റിനോടനുബന്ധിച്ച് റമദാൻ ക്വസ്റ്റ് മെഗാ ലൈവ് ക്വിസ് വൈകുന്നേരം 3.30ന് ആരംഭിക്കും. ഇസ്ലാമിക വിജ്ഞാനം പൊതുജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി സംഘടിപ്പിക്കുന്ന മെഗാ ക്വിസ്, ഖത്തറിൽ ഏറ്റവും കൂടുതൽ ആളുകൾ ഒരേ സമയം പങ്കെടുക്കുന്ന തത്സമയ ക്വിസ് മത്സരമായിരിക്കുമെന്നും സംഘാടകർ വ്യക്തമാക്കി. മത്സരത്തിൽ പങ്കെടുക്കാനുള്ള രെജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. ആദ്യം രെജിസ്റ്റർ ചെയ്യുന്ന 400 പേർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിരിക്കുക.