- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Qatar
- /
- Association
സാഹോദര്യവും മാനവികതയും വിളംബരം ചെയ്ത് ദോഹ റമദാൻ മീറ്റ് വിദ്വേഷ പ്രചാരണത്തെ സഹവർത്തിത്വത്തിലൂടെ ചെറുക്കുക: റെവ. ഡോ. വൈ.ടി വിനയരാജ്
ദോഹ: സാഹോദര്യത്തിന്റെയും പരസ്പര സഹവർത്തിത്വത്തിന്റെയും വിളംബര വേദിയായി ദോഹ റമദാൻ മീറ്റ്. പരസ്പര ബഹുമാനവും സഹിഷ്ണുതയും കൈമുതലാക്കി മാനവികതക്ക് വേണ്ടി നിലകൊള്ളണമെന്നും വർധിച്ചുവരുന്ന ഇസ്ലാമോഫോബിയയെയും വിദ്വേഷ പ്രചാരണങ്ങളെയും ഒറ്റക്കെട്ടായി ചെറുത്ത് പരാജയപ്പെടുത്തണമെന്നും ദോഹ റമദാൻ മീറ്റ് ആഹ്വാനം ചെയ്തു. ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രവുമായി സഹകരിച്ച് യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റ് ഡി.ഐ.സിഐ.ഡി മേധാവി മുഹമ്മദ് അൽ ഗാമിദി ഉദ്ഘാടനം ചെയ്തു. വ്യത്യസ്തമായ സംസ്കാരങ്ങളിലും നാഗരികതകളിലും വളർന്നു വരുന്ന നമുക്കിടയിൽ സമാധാനവും സ്നേഹവും പരസ്പര ധാരണയും കെട്ടിപ്പടുക്കാനുള്ള വലിയ അവസരങ്ങളാണ് ഇത്തരം ഇഫ്താർ സംഗമങ്ങളെന്ന് മുഹമ്മദ് അൽ ഗാമിദി പറഞ്ഞു.
കഴിഞ്ഞ ദിവസം അന്തരിച്ച ഖത്തർ ചാരിറ്റിയിലെ ദീർഘകാല ജീവനക്കാരനായിരുന്ന കെ.സി അബ്ദുർ റഹ്മാനെ അനുസ്മരിച്ച് കൊണ്ടാണ് അൽ ഗാമിദി സംസാരം ആരംഭിച്ചത്. വിശുദ്ധ മാസത്തിൽ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും, കർമവീഥിയിലാണ് അദ്ദേഹം ദൈവസന്നിദ്ധിയിലേക്ക് മടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം മതം പഠിപ്പിക്കുന്ന അടിസ്ഥാന മൂല്യങ്ങളായ സഹിഷ്ണുത, സഹാനുഭൂതി, അനുകമ്പ തുടങ്ങിയവ പ്രചരിപ്പിക്കാനും ഉയർത്തിക്കാട്ടാനും ഇത്തരം സംഗമങ്ങൾ സഹായിക്കുമെന്നും, നമുക്കിടയിലെ സാംസ്കാരിക ആശയവിനിമയത്തിനുള്ള അവസരം കൂടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ മേഖലയിലും നിറഞ്ഞ് നിൽക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റിയുമായുള്ള ഖത്തറിന്റെ ബന്ധം വർഷങ്ങളുടെ പഴക്കമുള്ളതാണെന്നും, ഇന്ത്യൻ സമൂഹത്തിന് വേണ്ടി പരിപാടി സംഘടിപ്പിച്ച യൂത്ത് ഫോറം ഖത്തറിന് നന്ദിയും അഭിനന്ദനങ്ങളും നേരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ സമൂഹവുമായുള്ള നിരന്തര ആശയവിനിമയം നടത്താനുള്ള എല്ലാ ശ്രമങ്ങൾക്കും ഡി.ഐ.സിഐ.ഡിയുടെ പൂർണ പിന്തുണ ഈ സന്ദർഭത്തിൽ ഉറപ്പുനൽകുന്നുവെന്നും ഉദ്ഘാടന സംസാരത്തിനിടെ അദ്ദേഹം ഉറപ്പുനൽകി. മാനുഷിക പ്രശ്നങ്ങളിൽ ശ്രദ്ധ ചെലുത്തുകയും നാം ജീവിക്കുന്ന സമൂഹത്തിന്റെ വളർച്ചയിൽ ശ്രദ്ധ ചെലുത്തേണ്ടതും സമൂഹത്തിലെ ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്ന് സംഗമത്തിന് ആശംസ നേർന്ന് കൊണ്ട് ഖത്തർ ചാരിറ്റി ലോക്കൽ പ്രൊജക്ട്സ് ഡിപ്പാർട്ട്മെന്റ് മേധാവി ഫരീദ് ഖലീൽ അൽ സിദ്ദീഖി പറഞ്ഞു. ക്രിസ്റ്റ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി സ്റ്റഡി ഓഫ് റിലീജ്യൻ ആൻഡ് സൊസൈറ്റി തലവൻ റെവ. ഡോ. വൈ.ടി വിനയരാജ് സംഗമത്തിൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു. യുദ്ധവും സംഘട്ടനങ്ങളും ഭിന്നതകളും വെറുപ്പിന്റെ പ്രത്യയശാസ്ത്രങ്ങളും ഇസ്ലാമോഫോബിയയും അടക്കിവാഴുന്ന ഒരു കാലഘട്ടത്തിലൂടെയാണ് സമൂഹം നീങ്ങിക്കൊണ്ടിരിക്കുന്നതെന്നും, സ്നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹിഷ്ണുതയുടെയും പ്രചാരകരായി അവയെയെല്ലാം നാം ചെറുക്കണമെന്ന് ഡോ. വൈ.ടി വിനയരാജ് പറഞ്ഞു.
ഏറെ വിഷമത്തോടെയാണ് ഇവിടെ നിങ്ങൾക്ക് മുന്നിൽ എഴുന്നേറ്റ് നിൽക്കുന്നതെന്നും, ഗസ്സയിൽ നമ്മുടെ സഹോദരന്മാർ കടുത്ത അതിക്രമങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണെന്നും, പതിനായിരക്കണക്കിന് നിരപരാധികൾ ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ പ്രത്യേകിച്ച് ഗസ്സ ഒരു ദുരന്തഭൂമിയായി മാറിയിരിക്കയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും വാഹകരായ സംഘപരിവാരത്തെ ചെറുക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും ഇത്തരം ദുശ്ശക്തികൾക്ക് യുവാക്കൾ ചെവികൊടുക്കരുതെന്നും കൂട്ടിച്ചേർത്തു. യൂത്ത് ഫോറം ഖത്തർ സംഘടിപ്പിച്ച ദോഹ റമദാൻ മീറ്റിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ച ജമാഅത്തെ ഇസ്ലാമി ഹിന്ദ് ദേശീയ പ്രതിനിധിസഭാംഗം ഡോ. നഹാസ് മാള പറഞ്ഞു.
ജനങ്ങൾക്കിടയിൽ വെറുപ്പിന്റെ ആഴം കൂടി വരികയാണെന്നും മൃഗങ്ങളെ പോലും മതങ്ങളുടേതാക്കി വിഭജിക്കപ്പെട്ട കാലത്ത് നാമുള്ളതെന്നും, സഹിഷ്ണുതയും സാഹോദരവും കൊണ്ട് ഇതിനെയെല്ലാം ചെറുക്കണമെന്നും ഡോ. നഹാസ് കൂട്ടിച്ചേർത്തു. തൊട്ടടുത്ത മനുഷ്യരോട് ആദരവും സാഹോദര്യവും കാണിക്കുന്നതാണെന്ന് ജനാധിപത്യത്തിന്റെ കാതലെന്നും, വെറുപ്പും വിദ്വേഷവും നിറഞ്ഞ് ഇന്ത്യയുടെ ജനാധിപത്യമെന്ന വ്യവസ്ഥ മൃതാവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യർ പരസ്പരം ചേർന്നിരി്ക്കണം. സ്നേഹവും കരുതലും പരക്ഷേമ തൽപരതയും വീണ്ടെടുക്കണം.
സമഭാവനയുടെ സന്ദേശത്തെ പ്രചരിപ്പിക്കണം. അതിന് ഇത്തരം സംഗമങ്ങൾ ഒരു മുതൽക്കൂട്ടാകട്ടെ എന്ന് ആശംസിക്കുന്നു. ആത്മവിശുദ്ധിയുടെയും തയ്യാറെടുപ്പിന്റെയും ജീവിതത്തെക്കുറിച്ച് പുനർവിചിന്തനം നടത്തുന്നതിന്റെയും സ്വന്തത്തെ വിലയിരുത്തുന്നതിന്റെയും മാസമാണ് റമദാൻ. വരാനിരിക്കുന്ന പ്രതികൂല കാലാവസ്ഥക്ക് വേണ്ടി ഒരുങ്ങാനുള്ള സമയമാണ് ഓരോ റമദാനും നമുക്ക് നൽകുന്നത്. ഓരോ റമദാനും നമുക്ക് എന്ത് നൽകിയെന്ന് നാം വിലയിരുത്തണം. അദ്ദേഹം പറഞ്ഞു. യൂത്ത് ഫോറം രക്ഷാധികാരിയും സിഐ.സി പ്രസിഡന്റുമായ ടി.കെ ഖാസിം ആശംസകളർപ്പിച്ച് സംസാരിച്ചു. യൂത്ത് ഫോറം പ്രസിഡന്റ് ബിൻഷാദ് പുനത്തിൽ അധ്യക്ഷത വഹിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗം അസ്ലം തൗഫീഖ് എം.ഐ സ്വാഗതവും ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ നന്ദിയും പറഞ്ഞു.